‘നിങ്ങളുടെ മകൾ ഇപ്പോൾ ദുബൈ ഹോട്ടലിൽ ഉണ്ട്' പുലർച്ചെ ഒരുമണിക്ക് എത്തിയ ഫോൺ കാൾ; പൊലീസിന്​ നന്ദി പറഞ്ഞ്​ മാതാവ്​

ദുബൈ: പുലർച്ചെ ഒരുമണിക്കാണ്​ യാസ്മിൻ സെയ്ദോക്ക്​ ആ കാൾ വന്നത്​. ദുബൈ പൊലീസ് ആയിരുന്നു മറുതലയ്ക്കൽ. പതിനേഴുവയസ്സുകാരിയായ മകൾ ജന്മദിനാഘോഷത്തിനായി ദുബൈയിലെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം തങ്ങുമ്പോഴായിരുന്നു വീട്ടിലേക്ക് പൊലീസ്​ വിളിച്ചത്​. അർധരാത്രിയിലെ ഫോൺ കോൾ കണ്ട് യാസ്മിൻ ആദ്യമൊന്നു പരിഭ്രമിച്ചു. എന്നാൽ, ഹോട്ടലിൽ താമസിക്കുന്ന മകൾ നിങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാ​ണോ കൂട്ടുകാർക്കൊപ്പം പോയിട്ടുള്ളത്​ എന്ന്​ ഉറപ്പുവരുത്താനായിരുന്നു ആ കാൾ.

കൂട്ടത്തിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾക്കെല്ലാം 18 വയസ്സ് തികഞ്ഞിരുന്നെങ്കിലും, മകൾക്ക് 17 വയസ്സ് മാത്രമായിരുന്നതിനാലാണ് പൊലീസ് മാതാവിനെ നേരിട്ട് ബന്ധപ്പെട്ടത്. പലപ്പോഴും കൗമാരക്കാർ മാതാപിതാക്കളെ തെറ്റിധരിപ്പിച്ച് മറ്റ് സ്ഥലങ്ങളിലോ ഹോട്ടലുകളിലോ തങ്ങാറുള്ളതിനാൽ, അവരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ മാതാപിതാക്കളെ നേരിട്ട് വിളിച്ചു കാര്യങ്ങൾ തിരക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആദ്യം അമ്പരന്നെങ്കിലും, ദുബൈ ടൂറിസം പൊലീസിന്‍റെ കരുതൽ തനിക്ക് വലിയ ആശ്വാസവും അതിശയവുമാണ് സമ്മാനിച്ചതെന്ന് അൽ അറേബ്യ 99 എഫ്​.എം റേഡിയോ അവതാരക കൂടിയായ യാസ്മിൻ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന്‍റെ പേര് ചോദിച്ചെങ്കിലും, താൻ തന്‍റെ കടമ മാത്രമാണ് നിർവഹിച്ചതെന്നും ടീം വർക്കിന്‍റെ ഭാഗമായാണ് ഇത് ചെയ്തതെന്നും പറഞ്ഞ് അദ്ദേഹം പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചു. ‘ഇതുപോലൊരു രാജ്യത്ത് താമസിക്കുമ്പോൾ എന്‍റെ മകളെക്കുറിച്ച് എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല. ദുബൈ പൊലീസിനും ടൂറിസം പോലീസിനും ഒത്തിരി നന്ദി’ എന്ന് യാസ്മിൻ തന്‍റെ സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ഈ അനുഭവം.

കുട്ടികളുടെ സുരക്ഷ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന് ദുബൈ പൊലീസിന്‍റെ വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഡിപാർട്​മെന്‍റ്​ വ്യക്തമാക്കി. കുട്ടികളുമായി യാത്ര ചെയ്യുന്നവരും താമസിക്കുന്നവരും അതത് സ്ഥലങ്ങളിലെ സുരക്ഷാ നിയമങ്ങൾ പാലിക്കണം. പ്രായപൂർത്തിയാകാത്തവരെ നിരീക്ഷണമില്ലാതെ ഹോട്ടലുകളിലോ പൊതുസ്ഥലങ്ങളിലോ തനിച്ചുവിടുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Mother thanks police for phone call at 1 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.