തെഹ്റാൻ/അബൂദബി: ഹുർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടയിൽ യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോകി’ന്റെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതായി കമ്പനി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് സുപ്രധാന ജലപാതയിലൂടെ കടന്നുപോകുകയായിരുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു.
കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് എതിരായ ഏതൊരു ആക്രമണവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പൽ ഗതാഗതത്തെ ലക്ഷ്യമിടുന്നതും ഹുർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദ്ദത്തിനോ ബ്ലാക്ക് മെയിലിങ്ങിനോ ഉള്ള ആയുധമായി ഉപയോഗിക്കുന്നതും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സമുദ്രക്കൊള്ളക്ക് തുല്യമായ പ്രവൃത്തിയാണെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. ഈ നടപടി രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും സുരക്ഷക്കും ആഗോള ഊർജ്ജ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
മേഖലയിലെ സമാധാനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതക്കു വേണ്ടി ഇറാൻ ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്ക് യാതൊരു ഉപാധികളുമില്ലാതെ പൂർണമായി തുറന്നുകൊടുക്കാനും ശത്രുതാപരമായ എല്ലാ നടപടികളും അവസാനിപ്പിക്കാനും ഇറാൻ തയാറാകണമെന്നും യു.എ.ഇ വ്യക്തമാക്കി. ഫെബ്രുവരിയിൽ ആരംഭിച്ച യു.എസ്-ഇറാൻ യുദ്ധത്തിന് ശേഷം ഹുർമുസ് കടലിടുക്ക് ഫലത്തിൽ അടഞ്ഞുകിടക്കുകയാണ്. ഇതിനിടയിലാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഈ ആക്രമണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഭവത്തിൽ ബഹ്‌റൈനും കടുത്ത അപലപനം രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് വിശേഷിപ്പിച്ച ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം, യു.എ.ഇയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ സുരക്ഷക്കായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയും ഒരു അഡ്‌നോക് ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് പ്രധാന ആരോപണം. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച അഡ്‌നോക്കിന്റെ ആകെ 15 കപ്പലുകൾക്ക് നേരെ ഇതുവരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കമ്പനി റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.