ദോഹ: സിറിയൻ പ്രദേശമായ ഗോലാൻ കുന്നുകളിൽ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കാനുള്ള കൊളംബിയൻ സർക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഖത്തർ. കൊളംബിയയുടെ ഏകപക്ഷീയമായ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്രായേലിന്റെ അവകാശവാദങ്ങളെ പിന്തുണക്കുന്നത് വഴി, ആ ഭൂപ്രദേശത്തിന്മേലുള്ള നിയമവിരുദ്ധമായ അധിനിവേശത്തെ സാധൂകരിക്കാൻ കഴിയില്ലെന്ന് ഖത്തർ ഓർമിപ്പിച്ചു.
1981ൽ പാസാക്കിയ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 497-ാം നമ്പർ പ്രമേയം ഉൾപ്പെടെ നിർണായക കരാറുകളെ തള്ളിക്കളയാൻ ഇസ്രായേലിനെ സഹായിക്കുന്നത് വഴി ഗോലാൻ കുന്നുകൾ ശ അറബ് പ്രദേശമാണെന്ന ചരിത്ര യാഥാർത്ഥ്യത്തെ മാറ്റിയെഴുതാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗോലാൻ കുന്നുകളിൽ ഇസ്രായേൽ നിയമങ്ങളും ഭരണസംവിധാനങ്ങളും അടിച്ചേൽപ്പിക്കുന്നത് നിയമവിരുദ്ധമാണ്. മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ വലിയ തടസ്സമാകുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ഗോലാൻ കുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ അധിനിവിഷ്ട അറബ് ഭൂപ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്നും ഖത്തർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.