അബൂദബിയില്‍ ആറുമാസത്തിനിടെ ശുചീകരിച്ചത് 2.05 ലക്ഷം കിലോമീറ്റര്‍ റോഡ്

അബൂദബി: ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തിനിടെ അബൂദബിയില്‍ ശുചീകരിച്ചത് 2.05 ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുകള്‍. നഗരസഭ, ഗതാഗത വകുപ്പിന്‍റെ (ഡി.എം.ടി.) നേതൃത്വത്തില്‍ നടന്ന സമഗ്ര ശുചിത്വ കാമ്പയിന്‍റെ ഭാഗമായാണ് 205,972 കിലോമീറ്റര്‍ റോഡുകള്‍ വൃത്തിയാക്കിയത്. 2025 വര്‍ഷത്തില്‍ ആകെ ശുചീകരിച്ച 274,735 കിലോമീറ്ററിന്‍റെ 75 ശതമാനവും ആദ്യ പകുതിയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കായി.

അബൂദബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്​റ നഗരസഭകളില്‍ നിന്നുള്ള പ്രത്യേക സംഘങ്ങള്‍ 1661 മേഖലകളിലാണ് പ്രവര്‍ത്തിച്ചത്. 102 പാര്‍പ്പിട മേഖലകള്‍, പ്രധാന പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, കാല്‍നടപ്പാലങ്ങള്‍, തുരങ്ക പാതകള്‍, പൊതുസേവന കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. തെരുവുകള്‍, വില്ലകള്‍ക്കിടയിലെ വഴികള്‍, പൊടിയും മാലിന്യങ്ങളും അടിഞ്ഞുകൂടി കാഴ്ചമറയ്ക്കാനും യാത്രക്ക്​ തടസ്സമുണ്ടാക്കാനും സാധ്യതയുള്ള ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ശുചീകരണം.

ആദ്യ പകുതിയില്‍ 126,740 ടണ്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും 10,960 ടണ്‍ വഴിയില്‍ ഉപേക്ഷിച്ച മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. ശുചിത്വവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 874 പരാതികളിലും അടിയന്തര നടപടിയെടുത്തു. ശക്തമായ കാറ്റും മണല്‍വീഴ്ചയും വേനല്‍ച്ചൂടും കടുക്കുന്ന സാഹചര്യങ്ങളില്‍ മണല്‍ അടിഞ്ഞുകൂടുന്ന ഇടങ്ങള്‍, കൂടുതല്‍ വാഹനങ്ങളും ആളുകളും എത്തുന്ന 387 കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശുചീകരണം നടപ്പാക്കി.

നിര്‍മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകളോടെ പ്രവര്‍ത്തിക്കുന്ന 500ലധികം വാഹനങ്ങളാണ് ശുചീകരണത്തിനായി രംഗത്തുള്ളത്. ഐ.ഒ.ടി (ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ്) ട്രാക്കിങ്, 360 ഡിഗ്രി കാമറകള്‍ എന്നിവ സജ്ജീകരിച്ച ഈ സ്മാര്‍ട്ട് വാഹനങ്ങള്‍ 36,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിദിനം അരലക്ഷത്തോളം ദൗത്യങ്ങളാണ്​ പൂര്‍ത്തിയാക്കുന്നത്. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും വേഗത്തില്‍ സംഭവസ്ഥലത്തെത്തി നടപടിയെടുക്കാനും സഹായിക്കുന്നുണ്ട്.

റോഡ് ശുചീകരണം കേവലമൊരു ദൈനംദിന ജോലിയല്ലെന്നും നഗരത്തിന്‍റെ വികസനത്തിന് അനുസരിച്ച് കൂടുതല്‍ ജനകീയവും ഫലപ്രദവുമായ രീതിയിലാണ് സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും ഡി.എം.ടി ഓപറേഷന്‍സ് സപ്പോര്‍ട്ട് ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാശിദ് അല്‍ കഅബി വ്യക്തമാക്കി. ആദ്യ പകുതിയിലെ മികച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തി, വര്‍ഷത്തിന്‍റെ രണ്ടാം പകുതിയിലും പാര്‍പ്പിട മേഖലകളിലും കൂടുതല്‍ തിരക്കുള്ള പാതകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - roads cleaned in Abu Dhabi in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.