നേരത്തെ അരങ്ങേറിയ റിയാദ് മ്യൂസിക് വീക്കിന്റെ ഒന്നാം
പതിപ്പിൽനിന്ന്
റിയാദ്: സൗദി അറേബ്യയുടെ സംഗീത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘റിയാദ് മ്യൂസിക് വീക്കി’ന്റെ രണ്ടാം പതിപ്പ് ഡിസംബർ നാല് മുതൽ 13വരെ റിയാദിൽ നടക്കും. സംഗീതം, സംസ്കാരം, നൂതനത്വം എന്നിവയെ ഒരുമിപ്പിക്കുന്ന ഈ ആഗോള ആഘോഷം, പ്രാദേശികവും അന്തർദേശീയവുമായ സംഗീത പ്രതിഭകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
സൗദി മ്യൂസിക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ വർഷത്തെ പരിപാടിയിൽ പ്രമുഖരായ സംഗീതജ്ഞർ, നിർമാതാക്കൾ, നയരൂപവത്കരണ വിദഗ്ധർ എന്നിവർ പങ്കെടുക്കും. സൗദി സംഗീത രംഗത്തിന്റെ ഊർജസ്വലമായ സ്പന്ദനം ലോകം കണ്ടെത്താനുള്ള ക്ഷണമാണ് റിയാദ് മ്യൂസിക് വീക്കെന്ന് മ്യൂസിക് അതോറിറ്റി സി.ഇ.ഒ പോൾ പസിഫിക്കോ വ്യക്തമാക്കി. ഈ വർഷത്തെ പരിപാടികൾ അന്താരാഷ്ട്ര, പ്രാദേശിക സംഗീത പ്രതിഭകളെയും, നിർമാതാക്കളെയും, നയരൂപവത്കരണ വിദഗ്ധരെയും ഒരുമിപ്പിച്ച് സാംസ്കാരികവും സർഗാത്മകവുമായ കൈമാറ്റത്തിലൂടെ അന്താരാഷ്ട്ര മാനം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ പ്രതിഭകളെയും പ്രാദേശിക സംഗീത ഉള്ളടക്കത്തെയും പ്രദർശിപ്പിക്കുന്നതിലൂടെയും വിവിധ മേഖലകളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രാജ്യത്തെ കലാകാരന്മാർക്കും പ്രഫഷനലുകൾക്കും കരിയർ പാതകളും ദീർഘകാല വളർച്ചയും നൽകാനാണ് റിയാദ് മ്യൂസിക് വീക്ക് ലക്ഷ്യമിടുന്നത്. സൗദി റിസർച്ച് ആൻഡ് മീഡിയ ഗ്രൂപ്, എം.ഡി.എൽ ബീസ്റ്റ് എന്നിവരുമായി പ്രധാന പങ്കാളിത്തമുള്ള ഈ പതിപ്പിൽ സംഗീത പരിപാടികൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ, മറ്റ് വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്റർനാഷനൽ മ്യൂസിക് ബിസിനസ് മാനേജ്മെന്റ് ഫോറം, മ്യൂസിക് മേക്കേഴ്സ് സമ്മിറ്റ്, എക്സ്.പി ഫ്യൂച്ചർ ഓഫ് മ്യൂസിക് കോൺഫറൻസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഭാഷണങ്ങളും സംഗീത മേഖലയിൽ പ്രത്യേക ശ്രദ്ധചെലുത്തുന്ന പരിപാടികളും ഈ വർഷത്തെ പതിപ്പിന്റെ പ്രത്യേകതയാണ്. പൈതൃക കേന്ദ്രങ്ങൾ, ആർട്ട് ഡിസ്ട്രിക്റ്റുകൾ, കഫേകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങി റിയാദിലെ വിവിധ സ്ഥലങ്ങളിൽ ഇൻട്രാക്ടീവ് സംഗീതാനുഭവങ്ങൾ അരങ്ങേറും.
സംഗീത വിദ്യാഭ്യാസം, സംഗീത വ്യവസായത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ, പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഫോറങ്ങളിൽ നടക്കും. പ്രതിഭ, പ്രോഡക്ഷൻ, നൂതനത്വം, സ്വാധീനം എന്നീ നാല് പ്രധാന തൂണുകളിലാണ് റിയാദ് മ്യൂസിക് വീക്ക് 2025 രൂപകൽപന ചെയ്തിരിക്കുന്നത്.
സംഗീത അതോറിറ്റിയുടെ ഈ ഉദ്യമം, സംഗീത മേഖലയെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള തുടർച്ചയായ ശ്രമമാണ്. ഇത് വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും സർഗാത്മക പ്രോഡക്ഷനെ പിന്തുണക്കുന്നതിനും കലാകാരന്മാർക്കും സ്ഥാപനങ്ങൾക്കും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംഗീത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സുസ്ഥിര സർഗാത്മക സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിനും സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.