ദുബൈ: കഴിഞ്ഞവർഷം ദുബൈയിലെ വാടക മേഖല ശക്തമായ വളർച്ച രേഖപ്പെടുത്തി. ദുബൈ ലാൻഡ് ഡിപാർട്ട്മെന്റാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2025ലെ കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്ത വാടക കരാറുകളുടെ എണ്ണം 6 ശതമാനം ഉയർന്ന് 13.8 ലക്ഷം ആയിട്ടുണ്ട്.
വാടക കരാറുകളുടെ മൊത്തം മൂല്യം 17 ശതമാനം വർധിച്ച് 126.4 ശതകോടി ദിർഹവുമായി. പുതിയ കരാറുകളുടെ എണ്ണം 10 ശതമാനം ഉയർന്ന് 5.13 ലക്ഷമായിട്ടുമുണ്ട്. റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പൂർത്തീകരണത്തിലും പുരോഗതി ഉണ്ടായി. മൊത്തം മൂല്യം 27.5ശതകോടി ദിർഹമുള്ള 124 പദ്ധതികൾ കഴിഞ്ഞ വർഷം പൂർത്തിയായിട്ടുണ്ട്.
നിർമാണത്തിലിരിക്കുന്ന പദ്ധതികളുടെ എണ്ണം 25 ശതമാനം ഉയർന്ന് 937 ആയിട്ടുമുണ്ട്. വിൽപനയിലും ശക്തമായ മുന്നേറ്റം 2025ൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിറ്റഴിക്കപ്പെട്ട യൂനിറ്റുകൾ 25 ശതമാനം ഉയർന്ന് 1.475 ലക്ഷം ആയി. ഇതിന്റെ മൊത്തം മൂല്യം 280 ശതകോടി ദിർഹമാണ്. വില്ലകളുടെ വിൽപന മൂല്യം 12 ശതമാനം ഉയർന്നത് വലിയ മൂല്യമുള്ള സ്വത്തുക്കൾക്ക് കൂടുതൽ ആവശ്യമുണ്ടെന്ന് സൂചിപ്പിക്കുന്നു.
ലൈസൻസിങ് മേഖലയിലും വലിയ വിപുലീകരണം കഴിഞ്ഞ വർഷം നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 4,122 പുതിയ റിയൽ എസ്റ്റേറ്റ് ഓഫിസുകൾ രജിസ്റ്റർ ചെയ്തതോടെ ആകെ എമിറേറ്റിലെ സജീവ ഓഫിസുകളുടെ എണ്ണം 10,182 ആയി. 14,364 പുതിയ ലൈസൻസുകൾ വിവിധ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുമുണ്ട്. വാടക മേഖല, പദ്ധതികളുടെ പുരോഗതി, ലൈസൻസിങ് വ്യാപനം എന്നിവ ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരതയും ദീർഘകാല വളർച്ച ശേഷിയും തെളിയിക്കുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.