ഹെസ്സ സ്ട്രീറ്റിൽ വിപുലീകരണം പൂർത്തിയായ ഭാഗം
ദുബൈ: നഗരത്തിലെ ഗതാഗതത്തിരക്കും യാത്രാസമയവും കുറയാൻ സഹായിക്കുന്ന ഹെസ്സ സ്ട്രീറ്റ് വിപുലീകരണ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). അൽ ഖൈൽ റോഡിൽ നിന്ന് ശൈഖ് സായിദ് റോഡ് വരെ നീളുന്ന റോഡ് 4.5 കി.മീറ്റർ ഭാഗമാണ് വിപുലീകരണം പൂർത്തിയാക്കി തുറന്നത്. ഇതോടെ റോഡിലെ പാതകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി. ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ 90 ശതമാനം ഏകദേശം പൂർത്തിയായതായി ആർ.ടി.എ സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് പരിഷ്കരണങ്ങൾ, പാലങ്ങൾ, ഇന്റർസെക്ഷൻ മെച്ചപ്പെടുത്തലുകൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവയുൾപ്പെടെ ശേഷിക്കുന്ന ജോലികൾ ഈ വർഷം രണ്ടാം പാദത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ റോഡിന് ഓരോ ദിശയിലേക്കും സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 8000ത്തിൽ നിന്ന് 16,000 ആയി വർധിക്കും. 2030 ആകുമ്പോഴേക്കും 6.4 ലക്ഷത്തിലധികം ആളുകൾക്ക് സേവനം നൽകാൻ ഇതുവഴി സാധിക്കുമെന്നും ആർ.ടി.എ അറിയിച്ചു.
ദുബൈയുടെ സുസ്ഥിര വളർച്ചക്കും ജനസംഖ്യാ വളർച്ചക്കുമൊപ്പം റോഡ് അടിസ്ഥാന സൗകര്യ ശൃംഖല വികസിപ്പിക്കാനാണ് 69 കോടി ദിർഹമിന്റെ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. 13.5 കി.മീറ്റർ നീളത്തിൽ പ്രത്യേക സൈക്ലിങ്, ഇ-സ്കൂട്ടർ ട്രാക്കുകൾ വികസിപ്പിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുമെന്നും അൽ സുഫൂഹിനെയും ദുബൈ ഹിൽസിനെയും ഹെസ്സ സ്ട്രീറ്റ് വഴി ബന്ധിപ്പിക്കുന്ന ട്രാക്ക് അൽ ബർഷ, ബർഷ ഹൈറ്റ്സ് എന്നിവയുൾപ്പെടെ നിരവധി റെസിഡൻഷ്യൽ മേഖലകൾക്ക് സേവനം നൽകുമെന്നും അൽ തായർ കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ റോഡിലെ ഗതാഗതക്കുരുക്ക് കുറക്കുക, യാത്രാസമയം കുറക്കുക, സുരക്ഷ വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2023ലാണ് ഹെസ്സ സ്ട്രീറ്റ് വിപുലീകരണ പദ്ധതി ആരംഭിച്ചത്. ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ് എന്നിവയുൾപ്പെടെ നാല് പ്രധാന കവലകളുടെ വികസനം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 2024 അവസാനത്തോടെ തുറന്ന നാലാമത്തെ കവലയിൽ ഹെസ്സ സ്ട്രീറ്റും അൽ ഖൈൽ റോഡും തമ്മിലുള്ള കവലയുടെ വികസനം ഉൾപ്പെട്ടിരുന്നു. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഈ രണ്ടുവരി പാലം, ഹെസ്സ സ്ട്രീറ്റിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ഗതാഗതം വർധിപ്പിക്കാനും യാത്രാസമയം 15 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.