ദുബൈ: വ്യാഴാഴ്ച ഇറാന്‍റെ ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാന്‍റെ ഏഴു ബാലിസ്റ്റിക് മിസൈലുകളാണ് വ്യാഴാഴ്ച പ്രതിരോധ സംവിധാനങ്ങൾ നേരിട്ടത്. ഇതിൽ ആറെണ്ണവും തകർക്കാൻ കഴിഞ്ഞു. ഒരെണ്ണം രാജ്യത്തിനുള്ളിൽ പതിച്ചു. 131 ഡ്രോണുകളിൽ 125 എണ്ണവും വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞതായും ആറ് ഡ്രോണുകൾ വിവിധ പ്രദേശങ്ങളിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ 16 പേർക്ക് കൂടിയാണ് നിസാര പരിക്കേറ്റത്.
ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 94 ആയി. യു.എ.ഇ പൗരൻമാർ കൂടാതെ ഇന്ത്യ, ഈജിപ്ത്, സുഡാൻ, ഇത്യോപ്യ, ഫിലിപ്പീൻസ്, പാക്സിതാൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനാൻ, അഫ്ഗാൻ, ബഹ്റൈൻ, തുർക്കിയ, കോമറോസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരൻമാർ പരിക്കേറ്റവരിൽ ഉൾപ്പെടും.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇറാന്‍റെ 196 ബാലിസ്റ്റിക് മിസൈലുകളാണ് കണ്ടെത്തിയത്. ഇതിൽ 181 എണ്ണം തകർത്തു. 13 എണ്ണം കടലിൽ പതിച്ചു. രണ്ടെണ്ണം രാജ്യത്തിനകത്ത് പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. 1,072 ഡ്രോണുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ 1001 എണ്ണം പ്രതിരോധിച്ചു. ഏഴെണ്ണം വിവിധ പ്രദേശങ്ങളിൽ പതിച്ചു. എട്ട് ക്രൂസ് മിസൈലുകളും ഇതുവരെ പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
മൂന്നു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരൻമാരാണ് മരിച്ചവർ. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഏത് ആക്രമണങ്ങളും നേരിടാൻ സേന പൂർണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഘർഷ സാഹചര്യത്തിൽ വ്യോമ പാതകൾ അടഞ്ഞുകിടന്നെങ്കിലും ഇന്ത്യയിലേക്ക് ഉൾപ്പെടെ അടിയന്തര സർവിസുകൾ നടന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സൗകര്യം അവസാനിച്ചതിനാൽ ജീവനക്കാർ ജോലിക്കെത്തി. മെട്രോ ഉൾപ്പെടെ പൊതു ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.