ശൈഖ് ഹംദാൻ എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് വിഭാഗം സന്ദർശിക്കുന്നു
ദുബൈ: ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈനിന്റെ ഫ്ലൈറ്റ് കാറ്ററിങ് വിഭാഗം സന്ദർശിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ശനിയാഴ്ചയായിരുന്നു സന്ദർശനം.
കാറ്ററിങ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നോക്കിക്കണ്ട അദ്ദേഹത്തിന് ജീവനക്കാർ ചേർന്ന് മികച്ച സ്വീകരണവും ഒരുക്കിയിരുന്നു. പ്രതിദിനം 2.5 ലക്ഷം വിമാന യാത്രക്കാർക്കുള്ള ഭക്ഷണമാണ് എമിറേറ്റ്സ് എയർലൈനിൽ നിർമിക്കുന്നത്. കൂടാതെ അന്താരാഷ്ട്ര എയർലൈനുകൾക്കായി പ്രതിദിനം 100ലധികം ഭക്ഷണ കിറ്റുകളും ഇവിടെ തയാറാക്കുന്നുണ്ട്. ദുബൈ വ്യോമ മേഖലയുടെ മികവും മത്സരക്ഷമതയും പ്രതിഫലിക്കുന്നതാണ് ഈ നേട്ടമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
ഗുണനിലവാരം, നവീകരണം, സുസ്ഥിരത എന്നിവയിൽ കേന്ദ്രീകരിച്ചുള്ള നൂതന സംവിധാനങ്ങളാണ് എമിറേറ്റ്സ് എയർലൈനിൽ ഉപയോഗിക്കുന്നതെന്നും അത് പ്രശംസനീയമാണെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി. എമിറേറ്റ്സിന്റെ അടുക്കളയിൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിഡിയോയും അദ്ദേഹം സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഓരോ ദിവസവും വൈവിധ്യമാർന്ന ഭക്ഷണ പദാർഥങ്ങളാണ് എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് വിഭാഗത്തിൽ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.