ദുബൈ: രാജ്യത്ത് വിലക്കയറ്റം നിരീക്ഷക്കാനും തടയാനും പരിശോധനകൾ ശക്തമാക്കി അധികൃതർ. മേഖലയിൽ സംഘർഷാന്തരീക്ഷം രൂപപ്പെട്ടതിന് ശേഷം ഇതിനകം 7,105 പരിശോധനകൾ നടത്തിയതായി യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം അറിയിച്ചു. പരിശോധനകളിൽ 567 നിയമലംഘനങ്ങൾ കണ്ടെത്തിയതായും, അന്യായമായ വിലക്കയറ്റം ഉൾപ്പെടെയുള്ളവ കണ്ടെത്തിയ സംഭവങ്ങളിൽ 449 മുന്നറിയിപ്പുകളും 2,07,250 ദിർഹം പിഴയും ചുമത്തിയതായും അധികൃതർ വ്യക്തമാക്കി.
പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിവ ഉൾപ്പെടുന്ന ഒമ്പത് പ്രധാന അവശ്യവസ്തുക്കളുടെ വില മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസം ഉള്ളി, തക്കാളി തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾക്ക് ഉണ്ടായ വിലവർധനവ് പ്രാദേശിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ താൽക്കാലികമായ മാറ്റമാണെന്നും കൂടുതൽ സ്റ്റോക്ക് വിപണിയിൽ എത്തിച്ചതിനാൽ ഉടൻ വില സാധാരണ നിലയിലാകുമെന്നും മന്ത്രാലയം അറിയിച്ചു.
അവശ്യവസ്തുക്കളുടെ ലഭ്യതയും വിലയും നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങൾ രാജ്യത്തുടനീളം ദിവസേന ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്. പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്നാണ് പരിശോധനകൾ നടക്കുന്നത്. അനാവശ്യ വിലക്കയറ്റവും തെറ്റായ വ്യാപാര രീതികളും തടയുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് ആറുമാസം വരെ ആവശ്യത്തിന് അവശ്യവസ്തു ശേഖരം ഉണ്ടെന്നും ഇത് രാജ്യത്തെ വിവിധ മേഖലകളിലായി വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിതരണ ശൃംഖലയും ഇറക്കുമതിയും സാധാരണ നിലയിൽ തുടരുന്നതിനാൽ വിപണിയിൽ സാധനങ്ങളുടെ ലഭ്യതക്ക് ആശങ്ക വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിലക്കയറ്റമോ നിയമലംഘനങ്ങളോ കണ്ടെത്തിയാൽ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, 8001222 നമ്പർ, വാട്‌സ്ആപ്, അല്ലെങ്കിൽ ഇ-മെയിൽ വഴി പരാതി നൽകാമെന്നും ആവശ്യത്തിന് മാത്രം വാങ്ങി സംഭരണം ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.