യു.എ.ഇയിൽ ഡ്രോൺ നിരോധനം നീട്ടി ജി.സി.എ.എ

ദുബൈ: രാജ്യം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ എല്ലാ തരം ഡ്രോണുകളും ചെറുവിമാനങ്ങളും ഗ്ലൈഡറുകളും പ്രവർത്തിപ്പിക്കുന്നതിൽ ഏർപ്പെടുത്തിയ പൂർണ നിരോധനം ആവർത്തിച്ച് വ്യക്തമാക്കി​ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ). നിരോധനം കർശനമായി തുടരുമെന്നും എല്ലാ ഓപറേറ്റർമാർക്കും ഇത്​ ബാധകമാണെന്നും അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളും ഡ്രോൺ പറത്തുന്നതിൽ താൽപര്യമുള്ളവരും നിയന്ത്രണങ്ങൾ പൂർണമായും പാലിക്കണമെന്ന്​ അതോറിറ്റി അഭ്യർഥിച്ചു.

നിയമം ലംഘിച്ചാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരും. പൊതുജന സുരക്ഷക്കും രാജ്യത്തിന്‍റെ വ്യോമപാതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെയും ഭാഗമായാണ്​ നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം തുടരുന്നത്​. ഫ്ലൈറ്റ്​ പെർമിറ്റുകൾ അനുവദിക്കുന്നതിലും നിരോധനം ബാധകമായിരിക്കും.

മേഖലയിലെ സാഹചര്യം കണക്കിലെടുത്ത്​ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കുന്നതിനാണ്​ മാർച്ച്​ ഒന്ന്​ മുതൽ ഒരാഴ്ചത്തേക്ക്​ ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന്​ വ്യോമയാന മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സാഹചര്യം വിലയിരുത്തി ഒരാഴ്ചക്ക്​ ശേഷം നിരോധനം നീക്കുമെന്നായിരുന്നു അറിയിപ്പ്​. എന്നാൽ, സംഘർഷം തുടരുന്നതിനാൽ നിരോധനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ തുടരാനാണ്​ തീരുമാനം.

അടച്ചിട്ടിരിക്കുന്ന വ്യോമ പാതയും യു.എ.ഇ പൂർണമായും തുറന്നുനിൽകിയിട്ടില്ല. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തരമായി നാട്ടി​ലെത്തേണ്ടവർക്കുമായുള്ള സ്​പെഷൽ ഷെഡ്യൂൾ അനുസരിച്ചുള്ള സർവിസുകളാണ്​ നിലവിൽ തുടരുന്നത്​.

Tags:    
News Summary - GCAA extends drone ban in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.