സൈബർ സുരക്ഷയിൽ ചരിത്രനേട്ടവുമായി സൗദി അറേബ്യ; ഐക്യരാഷ്ട്രസഭയുടെ ആദ്യ അന്താരാഷ്ട്ര ഓഫിസ് റിയാദിൽ

റിയാദ്: ആഗോള സൈബർ സുരക്ഷ രംഗത്ത് മുൻനിര പദവി ഉറപ്പിച്ചു നിർത്തിക്കൊണ്ട് സൗദി അറേബ്യ ചരിത്രനേട്ടം കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ പരിശീലന-ഗവേഷണ സ്ഥാപനമായ ‘യുനിറ്റാർ’, തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സൈബർ സുരക്ഷ ഓഫിസിെൻറ ആസ്ഥാനമായി സൗദി തലസ്ഥാനമായ റിയാദിനെ തിരഞ്ഞെടുത്തു. സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റിയും യുനിറ്റാറും തമ്മിൽ ഒപ്പുവെച്ച കരാറിലൂടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. ആഗോള സൈബർ സുരക്ഷ സൂചികയിൽ സൗദി കൈവരിച്ച ഉന്നത സ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഓഫിസ് റിയാദിൽ സ്ഥാപിതമാകുന്നത്.

റിയാദിലെ പുതിയ യു.എൻ ഓഫിസ് ആഗോള തലത്തിൽ സൈബർ സുരക്ഷ ശക്തമാക്കുന്നതിനുള്ള നയരൂപവത്കരണം, ശേഷി വികസനം, സംയുക്ത ഗവേഷണ പരിപാടികൾ എന്നിവക്ക് നേതൃത്വം നൽകും. ഇതിലൂടെ നയരൂപകർത്താക്കൾ, നിയമപാലകർ, നയതന്ത്രജ്ഞർ എന്നിവർക്കായി പ്രത്യേക പരിശീലനങ്ങളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. രാജ്യത്തെ സൈബർ സുരക്ഷ മേഖലയിലേക്ക് ഭരണനേതൃത്വം നൽകുന്ന പിന്തുണക്ക് നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി ഗവർണർ എൻജിനീയർ മജീദ് അൽ മസീദ് നന്ദി രേഖപ്പെടുത്തി. സ്റ്റേറ്റ് മിനിസ്റ്ററും കാബിനറ്റ് അംഗവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ അധ്യക്ഷനായ അതോറിറ്റിയുടെ ബോർഡ് അംഗങ്ങളുടെ മേൽനോട്ടത്തെയും അദ്ദേഹം പ്രശംസിച്ചു.

വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്ക് 2025 പ്രകാരം സൈബർ സുരക്ഷ സൂചികയിൽ സൗദി അറേബ്യ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. യു.എന്നിെൻറ 2024ലെ ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്സിൽ ഏറ്റവും ഉയർന്ന ‘റോൾ-മോഡൽ’ പദവിയും സൗദിക്ക് ലഭിച്ചിരുന്നു. റിയാദിനെ തിരഞ്ഞെടുത്തത് ഡിജിറ്റൽ സുരക്ഷ രംഗത്ത് സൗദിക്കുള്ള വിശ്വസ്ത പങ്കാളിത്തത്തിെൻറ പ്രതിഫലനമാണെന്ന് യുനിറ്റാർ എക്സിക്യൂട്ടിവ് ഡയറക്ടർ മിഷേൽ മക്ഡൊണാൾഡ് വ്യക്തമാക്കി. റിയാദിലെ ഓഫിസ് വിവിധ രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് ആഗോള സൈബർ ഭീഷണികളെ കൂട്ടായി പ്രതിരോധിക്കാൻ പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു. നിലവിൽ അറബ് സൈബർ സുരക്ഷ മന്ത്രിമാരുടെ കൗൺസിൽ, ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറം ഫൗണ്ടേഷൻ, വേൾഡ് ഇക്കണോമിക് ഫോറവുമായി സഹകരിച്ചുള്ള ‘സെന്റർ ഫോർ സൈബർ ഇക്കോണമിക്സ്’ എന്നിവയുടെ ആസ്ഥാനം സൗദിയിലാണ്. പുതിയ യു.എൻ ഓഫിസിെൻറ വരവോടെ ആഗോള സൈബർ സുരക്ഷ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി റിയാദ് മാറിയിരിക്കുകയാണ്.

Tags:    
News Summary - Saudi Arabia Achieves Historic Milestone in Cybersecurity; UN's First International Office to be in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.