ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ നടന്ന യോഗം
ദുബൈ: എമിറേറ്റിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവനും സ്വത്തിനും സംരക്ഷണമേകുന്നതിൽ ദുബൈ പൊലീസ് പ്രകടിപ്പിക്കുന്ന പ്രതിബദ്ധത ലോകശ്രദ്ധ നേടിയതാണ്. കഴിഞ്ഞ പത്തു മാസത്തിനിടെ ദുബൈ പൊലീസ് നടത്തിയത് 5200 രക്ഷാദൗത്യങ്ങളാണ്. ട്രാഫിക് അപകടങ്ങൾ, തീപിടിത്തം, കെട്ടിടങ്ങളിൽനിന്നുള്ള വീഴ്ചകൾ, കെണിയിലകപ്പെട്ട കേസുകൾ, വീട്ടിൽ കുടുങ്ങിയവർ, വാഹനങ്ങളിലും എലിവേറ്ററുകളിലും അകപ്പെടൽ തുടങ്ങിയ സംഭവങ്ങളിലെല്ലാം സഹായവുമായി ദുബൈ പൊലീസ് മുൻപന്തിയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അടിയന്തര ഘട്ടങ്ങളിൽ ദുബൈ പൊലീസിന്റെ പ്രതികരണ സമയം 5.8 മിനിറ്റാണ്. വാർഷിക ലക്ഷ്യം 6.6 മിനിറ്റാണെന്നിരിക്കെയാണ് മികച്ച പ്രതികരണ സമയം കണ്ടെത്താൻ ദുബൈ പൊലീസിന് കഴിഞ്ഞത്. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ സന്ദർശന വേളയിലാണ് രക്ഷാ ദൗത്യങ്ങളും പ്രതികരണ സമയവും വിലയിരുത്തിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കരയിൽ നടന്ന സംഭവങ്ങളിൽ സേനയുടെ പ്രതികരണ സമയം 14 ശതമാനത്തിലധികം മെച്ചപ്പെട്ടിട്ടുണ്ട്. 2023ൽ പ്രതികരണ സമയം 6.8 മിനിറ്റായിരുന്നു. ഈ വർഷം ഇത് 5.8 മിനിറ്റായി കുറക്കാൻ കഴിഞ്ഞത് സേനയുടെ പ്രവർത്തന മികവും സന്നദ്ധതയുമാണ് അടയാളപ്പെടുത്തുന്നതെന്ന് കമാൻഡർ ചീഫ് വ്യക്തമാക്കി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫേഴ്സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് മുഹമ്മദ് അൽ ശംസി, ഓപറേഷൻസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി, ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ റാശിദ് അൽ ഫലാസി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. രക്ഷാവാഹനങ്ങൾ, ആധുനിക ഉപകരണങ്ങൾ, സമുദ്ര രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന രക്ഷാബോട്ടുകൾ എന്നിവയും കമാൻഡർ ഇൻ ചീഫ് പരിശോധിച്ചു. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നഗര, തീരദേശ, പർവത പ്രദേശങ്ങളിലെ ഭൂപ്രകൃതികളിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉയർന്ന തയാറെടുപ്പ് നിലനിർത്തേണ്ടതിന്റെയും മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.