ഒസാക എക്സ്പോ യു.എ.ഇ പവിലിയനിൽ 30 ലക്ഷം സന്ദർശകർ എത്തിയത് ആഘോഷിക്കുന്നു
ദുബൈ: ജപ്പാനിൽ നടക്കുന്ന ഒസാക എക്സ്പോയിലെ യു.എ.ഇ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. മേളയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവിലിയനുകളിൽ ഇടംപിടിക്കാനും യു.എ.ഇക്ക് സാധിച്ചു.ഏപ്രിൽ പകുതിയോടെ ആരംഭിച്ച മേളയിൽ ഇമാറാത്തി ചരിത്രവും പൈതൃകവും അനുഭവിക്കാനാകുന്ന രീതിയിലുള്ള പവിലിയനാണ് ഒരുക്കിയിട്ടുള്ളത്.ഈന്തപ്പനയോലകളും തണ്ടുകളും ഉപയോഗിച്ച് നിർമിക്കുന്ന പരമ്പരാഗത യു.എ.ഇ ഭവനങ്ങളുടെ മാതൃകയിലാണ് പവിലിയൻ സജ്ജീകരിച്ചത്. പവിലിയന്റെ രൂപകൽപന അതിവേഗത്തിൽ സന്ദർശകരെ ആകർഷിക്കുന്ന രൂപത്തിലാണ്.
30 ലക്ഷം സന്ദർശകരെ ആകർഷിക്കാൻ സാധിച്ചത് വലിയ നാഴികക്കല്ലാണെന്നും വരുംമാസങ്ങളിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ ആഗ്രഹിക്കുന്നതായും എക്സ്പോ പവിലിയൻ കമീഷണർ ജനറൽ കൂടിയായ ശിഹാബ് അൽ ഫഹീം പറഞ്ഞു. വിവിധ രാജ്യക്കാരെ ആകർഷിക്കുന്ന പവിലിയൻ എക്സ്പോയിലെ പ്രധാന സാംസ്കാരിക കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്.വിദഗ്ധരുടെ പ്രഭാഷണങ്ങൾ, ക്രിയേറ്റിവ് വർക്ക്ഷോപ്പുകൾ, ഇമാറാത്തി ഭക്ഷണ പ്രദർശനങ്ങൾ, സന്ദർശകരെയും എക്സ്പോ പങ്കാളികളെയും ആകർഷിക്കുന്ന കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറുന്നുണ്ട്. ഒക്ടോബർ 13 വരെ എക്സ്പോ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.