ദുബൈ: വിദേശ സർവകലാശാല ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച നയത്തിൽ യു.എഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം ഭേദഗതികൾ പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ബിരുദം നേടിയവർക്കും ബാധകമായ നയമാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്. പുതിയ ചട്ടപ്രകാരം വിദൂരപഠനം, ഓപൺ എജുക്കേഷൻ, ഓൺലൈൻ എജുക്കേഷൻ, കറസ്പോണ്ടൻസ് എജുക്കേഷൻ എന്നിവയിലൂടെ നേടിയ ബിരുദങ്ങൾക്ക് മന്ത്രാലയം ഉപാധികളോടെ മാത്രമേ അംഗീകാരം നൽകുകയുള്ളൂ.
ഇത്തരം ബിരുദങ്ങൾക്ക് അംഗീകാരം ലഭിക്കാൻ പ്രത്യേക മന്ത്രിതല സമിതി നിശ്ചയിക്കുന്ന നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അതോടൊപ്പം പുതിയ നയപ്രകാരം തൊഴിലധിഷ്ഠിത കോഴ്സ് സർട്ടിഫിക്കറ്റുകൾ, പരിശീലന പരിപാടികളുടെ സർട്ടിഫിക്കറ്റുകൾ, പ്രത്യേക പ്രോഗ്രാമുകൾ വഴി നേടിയ ബിരുദങ്ങൾ എന്നിവയും അംഗീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമല്ലാത്ത പഠന രീതികളിലൂടെ ബിരുദം നേടിയ വിദ്യാർഥികൾ പുതിയ ചട്ടങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഡാറ്റാഫ്ലോ, ക്വാഡ്രാബേ എന്നീ രണ്ട് ഏജൻസികളെ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. യു.എ.ഇയുടെ വിദ്യാഭ്യാസ അതോറിറ്റികൾ അംഗീകരിച്ച ഈ ഏജൻസികൾ, ഔദ്യോഗിക അംഗീകാര പ്രക്രിയക്കു മുമ്പ് യോഗ്യതകൾ പരിശോധിക്കും. ഏജൻസികൾ രേഖകളുടെ നിയമസാധുത സ്ഥിരീകരിക്കുകയാണ് ചെയ്യുക. പിന്നീടാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുക. ബിരുദം പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ അപേക്ഷകർക്ക് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിൽനിന്ന് ഔദ്യോഗിക അംഗീകാര റിപ്പോർട്ട് കിട്ടും.
പരമ്പരാഗത രീതിയിലല്ലാതെ നേടിയ ബിരുദങ്ങളിൽ അംഗീകാരം ലഭിക്കണമെങ്കിൽ പ്രധാനമായും സ്ഥാപനത്തിന് അതത് രാജ്യങ്ങളിലെ ഔദ്യോഗിക സംവിധാനങ്ങളുടെ അംഗീകാരമുണ്ടായിരിക്കണം എന്നാണ് മാനദണ്ഡമുള്ളത്. ബിരുദ അംഗീകാരത്തിന് 100 ദിർഹമാണ് ഫീസ്. അതേസമയം, ബിരുദാനന്തര ബിരുദത്തിന് 150 ദിർഹമും ഡോക്ടറൽ ഡിഗ്രിക്ക് 200 ദിർഹമുമാണ് ഫീസ് ഈടാക്കുന്നത്. അംഗീകാര സേവനം പൂർണമായും ഓൺലൈനിലാണ്. അംഗീകാരം ലഭിക്കാൻ സാധാരണയായി 30 പ്രവൃത്തി ദിവസങ്ങൾ എടുക്കും. അംഗീകാര തീരുമാനത്തിൽ അപ്പീൽ നൽകാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് മൂന്നു മാസത്തെ സമയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.