ദുബൈ പൊലീസ് പിടികൂടിയ അനധികൃതമായി ഗ്യാസ് സിലിണ്ടർ കടത്തിയ മിനി ബസ്
ദുബൈ: അനധികൃതമായി ഗ്യാസ് സിലിണ്ടർ കടത്തിയ മിനിബസ് ദുബൈ പൊലീസ് പിടികൂടി. അൽഖൂസ് വ്യവസായ മേഖലയിൽ ട്രാഫിക് പരിശോധനക്കിടെയാണ് വാഹനം പിടിയിലായത്. ലൈസൻസില്ലാതെയായിരുന്നു ഗ്യാസ് സിലിണ്ടർ കടത്ത്. മതിയായ സുരക്ഷ ക്രമീകരണങ്ങളും ഇവർ പാലിച്ചിരുന്നില്ല. ഗ്യാസ് സിലിണ്ടറുകൾ അടുക്കിവെക്കാനായി വാഹനത്തിലെ സീറ്റുകൾ പൂർണമായും പിഴുതുമാറ്റിയ നിലയിലായിരുന്നു. ചൂട് കൂടിയ സാഹചര്യത്തിൽ ഈ രീതിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്നത് അപകട സാധ്യത വർധിപ്പിക്കും. വാഹനം കൂട്ടിയിടിക്കുകയോ ഗ്യാസ് ചോരുകയോ മറ്റോ ചെയ്താൽ വൻ സ്ഫോടനമായിരിക്കും ഫലമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു.
ഗ്യാസ് സിലിണ്ടർ അടക്കം വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. അപകടകരമായ വസ്തുക്കൾ അംഗീകാരമില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ഗുരുതരമായ അനന്തഫലങ്ങൾക്ക് വഴിവെക്കുമെന്നും ക്രിമിനൽ കുറ്റമാണെന്നും ദുബൈ പൊലീസ് അറിയിച്ചു.
ഡ്രൈവർമാരുടെ ഭാഗത്തു നിന്ന് റോഡ് സുരക്ഷക്കും സാമൂഹികക്ഷേമത്തിനും ഭീഷണിയാകുന്ന നടപടികൾ നിരീക്ഷിക്കാനും തടയാനും പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരത്തിൽ അപകടകരമായ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലെ ‘വി ആൾ ആർ പൊലീസ്’ എന്ന സേവനത്തിലൂടെയോ ദുബൈ പൊലീസിന്‍റെ സ്മാർട്ട് ആപ്പ് വഴിയോ അറിയിക്കണമെന്ന് നിവാസികളോട് ദുബൈ പൊലീസ് അഭ്യർഥിച്ചു. കഴിഞ്ഞ വർഷം ഇതേ രീതിയിൽ അൽഖൂസിൽ ഗ്യാസ് സിലിണ്ടർ കടത്താൻ ശ്രമിച്ച യാത്രബസും ദുബൈ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.