ദുബൈ: യു.എ.ഇയിൽ ഇന്ധനവിലയിൽ കുറവ് വന്നതിൽ പ്രവാസികളടക്കം ആശ്വാസത്തിൽ. പെട്രോൾ ലിറ്ററിന് 60 ഫിൽസും ഡീസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് നിലവിൽവന്നതോടെ കുടുംബബജറ്റിൽ ഞെരുക്കം കുറയുമെന്നാണ് പ്രവാസികൾ ആശ്വസിക്കുന്നത്.
യു.എ.ഇയിലെ ഇന്ധനവില ജനുവരി മുതലുള്ള മാസങ്ങളിലാണ് കുത്തനെ ഉയർന്നത്. 75 ശതമാനം വരെ വിലയിൽ വർധനയുണ്ടായതോടെ പലരും സ്വന്തം വാഹനങ്ങൾ പരമാവധി ഒഴിവാക്കുകയും പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇന്ധനവില കൂടിയതോടെ ടാക്സി ചാർജിലടക്കം വർധനയുണ്ടായി. ബസും മെട്രോയും മാത്രമായിരുന്നു നിരക്കുവർധന ബാധിക്കാതിരുന്നത്.
കുടുംബബജറ്റിനെപ്പോലെ കമ്പനികളുടെയും സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. വില ഇനിയും വർധിക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് നിരക്ക് കുറച്ചുള്ള പ്രഖ്യാപനം. ഉയർന്ന ഇന്ധനവില രാജ്യത്തെമ്പാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി. ഇതിനിടെയാണ് ഇന്ധനവില കുറക്കുന്ന തീരുമാനം എത്തിയത്. ഇന്ധന വിലക്കുറവ് ഉൽപന്നങ്ങളുടെ വിലക്കയറ്റവും പിടിച്ചു നിർത്തുമെന്നാണ് കരുതുന്നത്.
ആഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് സാമാന്യം ഭേദപ്പെട്ട കുറവാണുണ്ടായത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.03 ദിർഹമാണ് പുതിയ നിരക്ക്. ജൂലൈയിൽ 4.63 ദിർഹമായിരുന്നു. ജൂലൈയിൽ 4.52 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 3.92 ദിർഹമായിട്ടുണ്ട്.
ജൂലൈയിൽ 4.76 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 4.14 ദിർഹമാണ് ആഗസ്റ്റിലെ നിരക്ക്. ഫുൾടാങ്ക് പെട്രോൾ അടിക്കുമ്പോൾ കഴിഞ്ഞമാസത്തേക്കാൾ 35 ദിർഹത്തിന്റെ കുറവ് ലഭിക്കുന്നുണ്ട്. ഉയരുന്ന ജീവിതച്ചെലവ് പിടിച്ചുനിർത്താൻ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് പ്രവാസികൾ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.