ഫുജൈറ: ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് സംഘടിപ്പിക്കുന്ന ‘കൈരളി കേരളോത്സവം’ ഡിസംബർ ആറ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടക്കും. ശൈഖ് സഈദ് സുറൂർ സൈഫ് അൽ ശർഖി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട എന്നിവർ വിശിഷ്ടാതിഥികളാകും.
കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം, കോൽക്കളി, കളരിപ്പയറ്റ്, യുവഗായകരായ വൈഷ്ണവ് ഗിരീഷും ശ്രേയയും നയിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം എന്നിവ വിവിധ വേദികളിലായി അരങ്ങേറും. തെയ്യം, കാവടിയാട്ടം, പുലികളി തുടങ്ങി ഒട്ടേറെ കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണ ശബളമായ ഘോഷയാത്ര കേരളോത്സവത്തിന് പൂരപ്പൊലിമയേകും. വിവിധ ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളായ സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
മലയാളം മിഷന്റെയും നോർക്കയുടെയും പ്രത്യേക പവിലിയനുകളും ഉത്സവ നഗറിൽ പ്രവർത്തിക്കും. കേരളോത്സവം വിജയകരമാക്കുന്നതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ച് വരുന്നതായി സംഘാടക സമിതി ജനറൽ കൺവീനർ ഹരിഹരൻ, ചെയർമാൻ അബ്ദുൽ ഹഖ്, മീഡിയ കൺവീനർ ജോയ് മോൻ, കൈരളി ഫുജൈറ യൂനിറ്റ് ട്രഷറർ റ്റിറ്റോ തോമസ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സുധീർ തെക്കേക്കര, സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.