ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സ്വകാര്യമേഖലയിൽ കണ്ടെത്താൻ ദുബൈയിൽ മാനവ വിഭവശേഷി വികസന കൗൺസിൽ രൂപവത്കരിക്കുന്നു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കൗൺസിൽ രൂപവത്കരണത്തിന് ഉത്തരവിട്ടത്. വികസന പ്രക്രിയയുടെ വേഗം വർധിപ്പിക്കുക, എമിറാത്തി മാനവ വിഭവശേഷി വികസന സംവിധാനം നവീകരിക്കുക, സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളിൽ ഇമറാത്തികളുടെ പങ്കാളിത്തം ഉയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.
കൗൺസിലിൽ പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളാകും.ഉത്തരവ് നടപ്പാക്കുന്നതിെൻറ ഭാഗമായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കൗൺസിൽ ചെയർമാനെയും അംഗങ്ങളെയും പ്രഖ്യാപിച്ചു. എൻജി. സുൽത്താൻ ബിൻ സഈദ് അൽ മൻസൂരിയാണ് ചെയർമാൻ. എമിറേറ്റ്സ് എൻ.ബി.ഡി, എമിറേറ്റ്സ് എയർലൈൻ, അൽ ഫുത്തൈം ഗ്രൂപ് എന്നിവയിൽനിന്ന് ഓരോ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകും.
എമിറാത്തി മാനവ വിഭവശേഷി വികസിപ്പിക്കാനും സ്വദേശിവത്കരണ നിരക്ക് ഉയർത്താനും പദ്ധതികളും തന്ത്രങ്ങളും ആസൂത്രണം ചെയ്യാൻ അധികാരം ദുബൈ സർക്കാർ മാനവവിഭവശേഷി വകുപ്പിനായിരിക്കും. സ്വകാര്യമേഖലയിലെ ഉൾപ്പെടെ വിദ്യാഭ്യാസ-തൊഴിൽ പരിശീലന സ്ഥാപനങ്ങൾ മാനവ വിഭവശേഷി വികസന കൗൺസിലുമായി പൂർണമായും സഹകരിക്കാനും അത് ആവശ്യപ്പെടുന്ന ഡാറ്റ, സ്ഥിതിവിവരക്കണക്കുകൾ, വിവരങ്ങൾ, പഠനങ്ങൾ എന്നിവ നൽകാനും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.