റാസല്‍ഖൈമ: ശൈത്യകാലമായതോടെ മലനിരകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ മേഖലയില്‍ വ്യോമ നിരീക്ഷണം ശക്തമാക്കി റാക് പൊലീസ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക ടീമുകള്‍ സുസജ്ജമാണെങ്കിലും മലനിരകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറയ്ക്കുന്നതിനും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ സുരക്ഷാ നിർദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് റാക് പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
എമിറേറ്റിലെ ജനപ്രിയ കേന്ദ്രങ്ങളെ അപകടമുക്തമാക്കുന്നതിനും പ്രതിരോധ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പൊലീസ് ശ്രമങ്ങളെ പിന്തുണക്കാന്‍ വിനോദസഞ്ചാരികള്‍ തയാറാകണം. മലനിരകള്‍ ലക്ഷ്യമാക്കുന്ന കാല്‍നടക്കാര്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതുക, മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യുക, പവര്‍ ബാങ്കുള്പ്പെടെയുള്ളവ കൈയില്‍ കരുതുക, സന്ദര്‍ശനം ലക്ഷ്യമാക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരം മുന്‍കൂട്ടി ഉറ്റവരുമായോ അധികൃതരുമായോ പങ്കുവെക്കുക, ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക, സൂര്യാസ്തമയ ശേഷമുള്ള യാത്രകള്‍ വേണ്ടെന്ന് വെക്കുക, ഭൂപ്രദേശത്തിനനുസരിച്ച വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക തുടങ്ങിയ കാര്യങ്ങളും അധികൃതര്‍ നിർദേശിക്കുന്നു. ദേശീയദിന അവധി ദിനങ്ങളില്‍ പതിനായിരത്തിലേറെ സന്ദര്‍ശകരാണ് റാക് ജബല്‍ ജെയ്സില്‍ മാത്രമെത്തിയത്.
സമീപത്തെ മലനിരകളിലും വാദികളിലും നൂറുകണക്കിനാളുകളാണ് അവധി ദിനം ചെലവഴിക്കാനത്തെിയത്. മലനിരകള്‍ പര്യവേക്ഷണം ചെയ്യുന്നതിനിടെ അപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിന് മൂന്ന് വ്യത്യസ്ത ഓപറേഷനുകളാണ് സെര്‍ച്ച് ആൻഡ് റെസ്ക്യൂ വകുപ്പ് നടത്തിയത്. ഒരേസമയം നിരവധി രക്ഷാദൗത്യങ്ങളിലും ഏര്‍പ്പെടേണ്ട സാഹചര്യങ്ങളും റാക് പൊലീസ് എയര്‍വിങ് അഭിമുഖീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.