ദുബൈ: കേൾവി പരിമിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 520 ഹിയറിങ് ലൂപ്പുകൾ സ്ഥാപിച്ചു. മൂന്നു ടെർമിനലുകളിലെ ചെക്ക് ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഡെസ്കുകൾ, ബോർഡിങ് ഗേറ്റുകൾ, ഇൻഫർമേഷൻ ഡെസ്കുകൾ എന്നിവിടങ്ങളിലാണ് പുതുതായി ഹിയറിങ് ലൂപ്പുകൾ സ്ഥാപിച്ചതെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
കേൾവി പരിമിതരുടെ ഹിയറിങ് എയ്ഡുകളിൽ ‘ടി’ (ടെലികോയിൽ) സെറ്റിങ്സ് ആക്ടിവേറ്റ് ചെയ്താൽ ഹിയറിങ് ലൂപ്പുകൾ വഴിയുള്ള സേവനം ലഭിക്കും. ഇതിനായി ഉപകരണങ്ങൾ തമ്മിൽ പ്രത്യേകം പെയറിങ് നടത്തേണ്ടതില്ല. നിശ്ചയദാർഢ്യ വിഭാഗം യാത്രക്കാർക്ക് ഹിയറിങ് ലൂപ്പുകൾ ഉപയോഗിക്കാനുള്ള പിന്തുണ നൽകുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.
കേൾവി പരിമിതർക്ക് ചുറ്റുമുള്ള ശബ്ദങ്ങളുടെ ശല്യമില്ലാതെ ഹിയറിങ് എയ്ഡിലൂടെ നിർദേശങ്ങൾ വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഹിയറിങ് ലൂപ്പുകൾ. സാധാരണ ഹിയറിങ് എയ്ഡുകളിൽ നിന്ന് വിത്യസ്തമായി അൽപം ദൂരെ നിന്നും ശബ്ദം കേൾക്കാൻ ഹിയറിങ് ലൂപ്പുകൾ സഹായിക്കും.
എമിറേറ്റിലെ പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും എല്ലാ വിഭാഗം യാത്രക്കാർക്കും പ്രവേശനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ദുബൈയുടെ യൂനിവേഴ്സൽ ഡിസൈൻ കോഡ് അനുസരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.
നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് മാനസിക സമ്മർദം കുറക്കാൻ സഹായിക്കുന്ന ‘സ്ട്രസ് റിലീഫ് ഏരിയ’ 2024ൽ ടെർമിനൽ രണ്ടിൽ ആരംഭിച്ചിരുന്നു. നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് വീൽചെയറിൽ പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്‍റെ രൂപകൽപന. കൂടാതെ ഓട്ടിസം ബാധിതർ, കാഴ്ചപരിമിതർ, കേൾവി പരിമിതർ എന്നിവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള ഉപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.