ദുബൈ: സ്ട്രോബറി ഫാമിന്റെ വിപുലീകരണം, ആംഫി തിയറ്റർ നിർമാണം എന്നിവ ഉൾപ്പെടെ ഹത്തയുടെ ഹരിതവത്കരണം ലക്ഷ്യമിടുന്ന പുതിയ വികസന പദ്ധതി പൂർത്തിയായതായി അധികൃതർ പ്രഖ്യാപിച്ചു.
ഹരിതയിടങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്കായി പുതിയ പർവതയിടങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. അതോടൊപ്പം ഹത്ത ഡാമിന്റെ ഏറ്റവും ഉയരത്തിൽ ആംഫിതിയറ്ററും നിർമിച്ചിട്ടുണ്ട്.
എമിറേറ്റിൽ അതിവേഗം വളർന്നുവരുന്ന ജനസമൂഹങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ശക്തിപ്പെടുത്തി സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഇതുവഴി ഹത്തയിലേക്കുള്ള സന്ദർശകരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. ഹത്ത പരിസരങ്ങളിലെ ഔട്ട്ഡോർ കൃഷി വ്യാപിക്കുക, ലംബ കൃഷി, ഹൈഡ്രോപോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഹരിതഗൃഹം നവീകരിക്കുക, പുതിയ യൂനിറ്റുകൾ സ്ഥാപിച്ച് ശീതീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, സമർപ്പിത വിത്ത്-നഴ്സറി സൗകര്യം നിർമിക്കുക തുടങ്ങിയവാണ് സ്ട്രോബറി ഫാമിൽ ഉൾപ്പെടുന്നത്. ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ ഹരിതഗൃഹം ഹത്ത ഫാമിൽ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ വിത്തുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട് ക്രോപ്പ് മാനേജ്മെന്റ് സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്.
ലീഫി ഗ്രീൻ ഫാമിൽ മൂന്ന് ഹൈഡ്രോപോണിക് ഗ്രീൻഹൗസുകളാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രത്യേക സംഭരണസ്ഥലം, പ്രത്യേക പരിശീലനമുറികൾ എന്നിവ ഉൾപ്പെടെ സംയോജിത സൗകര്യങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ഫാമുകളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഡയറക്ട് ഔട്ട്ലെറ്റുകൾ തുറന്നു. പുതുതായി നിർമിച്ച 610 മീറ്റർ ഉയരമുള്ള ഹത്ത ഡാം ആംഫി തിയറ്റർ താമസക്കാർക്കും സന്ദർശകർക്കും അണക്കെട്ടിന്റെ മുകളിലേക്ക് എത്താൻ സൗകര്യമൊരുക്കുന്നു.
37 മീറ്റർ ഉയരമുള്ള ഈ ആംഫി തിയറ്ററിന്റെ വഴിയിൽ ആറ് വിശ്രമ മുറികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 17 മിനിറ്റ് ദൈർഘ്യമുള്ള ഈ കയറ്റത്തിൽ, നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ഉൾപ്പെടെ സുഖത്തിനും സുരക്ഷക്കും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രത്യേക ചരിവുകളും ഉണ്ട്. 18600 ചതുരശ്ര മീറ്ററിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളിന്റെ നിർമാണവും പൂർത്തിയായി. സംയോജിത വിദ്യാഭ്യാസ കോംപ്ലക്സ് ഉൾപ്പെടുന്ന ഇവിടെ 1000 വിദ്യാർഥികളെ ഉൾക്കൊള്ളും. 44 ക്ലാസ് റൂമുകൾ, സയൻസ് ആൻഡ് ലേണിങ് ലബോറട്ടറികൾ, ഇൻഡോർ സ്പോർട്സ് ഹാൾ, 4700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കളിസ്ഥലം, കിൻഡർഗാർട്ടൻ വിഭാഗം, മെഡിക്കൽ ക്ലിനിക് എന്നിവയും സ്കൂളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.