അബൂദബി: ഭാരം കുറക്കല്‍, ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വിപണിയിലുള്ള 41 ഉല്പന്നങ്ങൾ ആരോഗ്യത്തിന് ഹാനികരവും സുരക്ഷിതവുമല്ലെന്ന് അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ഉൽപന്നങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജനുവരി മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവിലാണ് ആരോഗ്യവകുപ്പ് ഇത്രയധികം ഉല്പന്നങ്ങള് പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തി വിലക്കിയത്.
ബോഡി ബില്‍ഡിങ്, ലൈംഗിക ശേഷി വര്‍ധിപ്പിക്കല്‍, ഭാരം കുറക്കല്‍, സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് തുടങ്ങി വിവിധോദ്ദേശ്യ ഉല്പന്നങ്ങളാണ് മായം ചേര്‍ത്തതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയെന്ന് അധികൃതര്‍ കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്ത ഇവ മികച്ച ഉല്പാദന രീതികള്‍ പാലിക്കാതെയാണ് തയാറാക്കിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. പിടിച്ചെടുത്ത ചില ഉല്പന്നങ്ങളില് യീസ്റ്റ്, പൂപ്പല്‍, ബാക്ടീരിയ തുടങ്ങിയവ കണ്ടെത്തുകയുണ്ടായി. മറ്റു ചിലവയില്‍ പ്രഖ്യാപിക്കാത്ത മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.
മായം ചേര്‍ത്ത ഇത്തരം ഉല്പന്നങ്ങള് സുരക്ഷിതമെന്നു കരുതിയാണ് ജനം ഉപയോഗിക്കുന്നതെന്നും ഇതിന്റെ അപകടം തിരിച്ചറിയുന്നില്ലെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്നും മുന്നറിയിപ്പ് നല്കി.
വ്യാജമോ മായം ചേര്‍ത്തതോ ആയ ഉല്പന്നങ്ങളുടെ നിര്‍മാണം രണ്ടുവര്‍ഷം വരെ തടവും 5000 മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തടവും ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കുകയും കൂടാതെ നിയമവിരുദ്ധ വസ്തുക്കള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യും.
തുടര്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയായിരിക്കും. സ്ഥാപനം ഒരു വര്‍ഷത്തേക്ക് വരെ അടച്ചുപൂട്ടുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലാതിരിക്കുകയും എന്നാല്‍ അവ തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന മാനേജര്‍മാര്‍ക്കും തടവ് അടക്കമുള്ള ശിക്ഷ ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.