ദുബൈ: സ്വയം നിയന്ത്രണ ഗതാഗതമേഖലയുടെ ആഗോള സംഗമം സെപ്റ്റംബർ 24, 25 തീയതികളിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ലോകം ഉറ്റുനോക്കുന്ന ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ച് വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. 30 ലക്ഷം ഡോളറാണ് സമ്മാനത്തുക. നാല് അന്താരാഷ്ട്ര കൺസോർട്യങ്ങളും സ്മാർട്ട് ഗതാഗത മാർഗങ്ങൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു കമ്പനിയുമാണ് ചലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയിട്ടുള്ളത്.
വിറൈഡ്, ഡെസൂചെ ബാൻ, ബ്രൈറ്റ്ഡ്രൈവ്, അൽപ് ലാബ്, ഷിപ്ടെക്, സീബബ്ൾസ്, ഓർക്വാബോട്ട്, പിക്മൂവിങ്, ഹെരിയോട്ട്-വാട്ട് യൂനിവേഴ്സിറ്റി ദുബൈ, സുറ ആൻഡ് ആർതി, റിലോസ് ടെക്നോളജി എന്നിവയാണ് അവസാന റൗണ്ടിലെത്തിയ മത്സരാർഥികൾ. അതത് രാജ്യങ്ങളിൽ നടത്തിയ തുടർച്ചയായ ഫീൽഡ് പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് അന്തിമ റൗണ്ടിലേക്ക് മത്സരാർഥികളെ തെരഞ്ഞെടുത്തത്.
സ്വയം നിയന്ത്രിത ഗതാഗത സംവിധാനത്തിന്റെ സ്വീകാര്യത എല്ലാ തലങ്ങളിലും വ്യാപിപ്പിക്കുകയും മുൻനിര മൊബിലിറ്റി കമ്പനികളെ കടുത്ത വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ചിന്റെ പ്രധാന ലക്ഷ്യങ്ങൾ. സാങ്കേതികവിദ്യകളുടെ വിശകലനം, പ്രവർത്തനക്ഷമത പരിശോധന, ഫീൽഡ് തലത്തിലെ പരീക്ഷണങ്ങൾ, പ്രാഥമികമായ ബിസിനസ് പദ്ധതികളുടെ ഒരുക്കങ്ങൾ, വാണിജ്യപരമായ ലാഭക്ഷമത, പ്രവർത്തങ്ങൾ, സേവന വിതരണം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രകടനം വിലയിരുത്തിയാകും അന്തിമ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കുക.
2030 ഓടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രണ സംവിധാനങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് സംരംഭമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.