സന്ദർശകരെ സ്വാഗതംചെയ്തുകൊണ്ട് ജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ബ്രോഷർ
ദുബൈ: ലോകത്തെ പ്രമുഖ എയ്റോസ്പേസ് പ്രദർശനങ്ങളിലൊന്നായ ദുബൈ എയർഷോ 2025ൽ അത്യാധുനിക ഡിജിറ്റൽ സേവനങ്ങളുടെ വിപുലമായ നിര അവതരിപ്പിക്കാൻ ഒരുങ്ങി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). നവംബർ 17 മുതൽ 21 വരെ ദുബൈ വേൾഡ് സെൻട്രലിൽ നടക്കുന്ന എയർഷോയിൽ, സ്റ്റാൻഡ് നമ്പർ 1605ലാണ് ജി.ഡി.ആർ.എഫ്.എയുടെ പവിലിയൻ.
ദുബൈയുടെ ഡിജിറ്റൽ പരിവർത്തന ദൗത്യത്തെ ശക്തിപ്പെടുത്തുകയും സന്ദർശകരും നിക്ഷേപകരും അനുഭവിക്കുന്ന സേവനഗുണം ഉയർത്തുകയും ചെയ്യുന്നതിൽ ജി.ഡി.ആർ.എഫ്.എ നിർണായക പങ്ക് വഹിക്കുന്നതായി അധികൃതർ അറിയിച്ചു. സാങ്കേതികവിദ്യയും ഉപയോഗത്തിലെ എളുപ്പവും സമന്വയിപ്പിച്ച നിരവധി നവാഗത സേവനങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിക്കപ്പെടുന്നത്.ഗോൾഡൻ വിസയിലൂടെ ലോകമെമ്പാടുമുള്ള യോഗ്യരായ പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുക, കമാൻഡ് ഫീൽഡിലെ പ്രവർത്തനങ്ങൾ കൃത്യതയോടെ നിയന്ത്രിക്കാൻ സഹായിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ പ്ലാറ്റ്ഫോം, നിർമിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുനൽകുന്ന സലാമ ഡിജിറ്റൽ വിസ പ്ലാറ്റ്ഫോം, സർക്കാർ സേവനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവത്കരിക്കപ്പെട്ട പ്ലാറ്റ്ഫോം 04 എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ദുബൈ യാത്രയെ കൂടുതൽ എളുപ്പമാക്കുന്ന വിസ സേവനം, തടസ്സങ്ങളില്ലാത്ത യാത്രാനുഭവം നൽകുന്ന സ്മാർട്ട് കോറിഡോർ, വിനോദസഞ്ചാരികൾക്ക് ദുബൈയിലെ മികച്ച സ്വാഗതാനുഭവം നൽകുന്ന സംയോജിത ഹാപ്പിനെസ് കാർഡ് എന്നിവയും ഒപ്പം ഏറ്റവും നൂതനമായ മറ്റു സ്മാർട്ട് സേവനങ്ങളും എയർഷോയിൽ പരിചയപ്പെടുത്തും.
148 രാജ്യങ്ങളിൽനിന്നായി 1500ൽ കൂടുതൽ പ്രദർശകരും 200ൽ അധികം വാണിജ്യ, സൈനിക, സ്വകാര്യ വിമാനങ്ങളും പങ്കെടുക്കുന്ന ദുബൈ എയർഷോ വ്യോമയാനം, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ നവീകരണങ്ങൾ പ്രദർശിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര വേദിയാണ്.
ഡിജിറ്റൽ സേവനങ്ങൾ പുതുമയോടെ, കാര്യക്ഷമതയോടെ, ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ ദുബൈ കാണിക്കുന്ന പ്രതിബദ്ധത, ദുബൈ വിഷൻ 2033ന്റെ ലക്ഷ്യങ്ങളുമായി പൂർണമായി പൊരുത്തപ്പെടുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.