ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ജി.ഡി.ആർ.എഫ്.എ പവലിയനിൽ
ദുബൈ: ദുബൈ എയർഷോ 2025ന്റെ ആദ്യ ദിനത്തിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അവതരിപ്പിച്ച ഡിജിറ്റൽ സേവനങ്ങളും നവീകരണങ്ങളും സന്ദർശകരുടെ ശ്രദ്ധനേടി. ദുബൈ വേൾഡ് സെൻട്രലിൽ ഒരുക്കിയിരിക്കുന്ന ഇന്ററാക്ടീവ് പ്ലാറ്റ്ഫോമിൽ ജി.ഡി.ആർ.എഫ്.എയുടെ സേവനപരമ്പര നേരിട്ട് പരിചയപ്പെടാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഡിജിറ്റൽ പ്രദർശനത്തിന്റെ ആദ്യ ദിനത്തിൽ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും ദുബൈ എയർപോർട്ട്സ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷിങ്കിത്തിയും അടക്കമുള്ളവർ സന്ദർശനം നടത്തി.
അവർ ഗോൾഡൻ വിസ, കമാൻഡ് ആൻഡ് കൺട്രോൾ പ്ലാറ്റ്ഫോം, സലാമ ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാറ്റ്ഫോം 04, ജി.സി.സി റെസിഡന്റ് വിസ, സ്മാർട്ട് കൊറിഡോർ (റെഡ് കാർപെറ്റ്), ടൂറിസ്റ്റ് ഹാപ്പിനസ് കാർഡ് എന്നിവ ഉൾപ്പെടുന്ന എല്ലാ പ്രധാന ഡിജിറ്റൽ പരിഹാരങ്ങളും അവർ വിലയിരുത്തി.ദുബൈയിൽ എത്തുന്ന ഓരോ സന്ദർശകന്റെയും യാത്രയെ കൂടുതൽ സ്മാർട്ടും ലളിതവുമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ദുബൈയുടെ ഭാവി വികസന തന്ത്രങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാനും ഗവൺമെന്റ് മേഖലയിൽ നവീകരണത്തെ മുഖ്യ ഘടകമാക്കി സേവനനിലവാരം ഉയർത്താനുമാണ് ജി.ഡി.ആർ.എഫ്.എ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയെ ആഗോള നവീകരണ നഗരമെന്നനിലയിൽ ശക്തിപ്പെടുത്തുകയും ഗവൺമെന്റ് സേവനരംഗത്തെ പുരോഗതി അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ജി.ഡി.ആർ.എഫ്.എ ദുബൈ എയർഷോയിൽ പങ്കെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.