ദുബൈ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാരകരാറിനെ പ്രശംസിച്ച് ലുലു ഗ്രൂപ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമാകുന്നത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വ്യവസായികൾക്കും ഉപകാരപ്രദമാണ്.
കടൽ വിഭവങ്ങൾ, വസ്ത്രങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി വർധിക്കുന്നതിന് പുതിയ കരാർ പിന്തുണ നൽകും. വിവര സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള മേഖലകളിൽ അനേകം പേർ യു.എസിലും ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ട്. ഇവർക്കെല്ലാം കരാറിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ കൽബയിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) അഞ്ചു ലക്ഷം കോടി ഡോളറായി ഉയർത്താനുള്ള ശ്രമത്തിലാണ്.
ഈ സാഹചര്യത്തിൽ ഇന്ത്യ-യു.എസ് വ്യാപാര കരാർ ഈ തലമുറക്കും ഭാവി തലമുറക്കും അത്യന്താപേക്ഷിതമാണ്. വ്യവസായ, വാണിജ്യ, പ്രഫഷനൽ തലങ്ങളിലെല്ലാം കരാർ ഗുണകരമാവും. ഇന്ത്യയെ സംബന്ധിച്ച് കരാർ വിൻ വിൻ സാഹചര്യമാണ് സമ്മാനിക്കുന്നതെന്നും യൂസുഫലി പറഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച വ്യാപാര കരാറുകളെയും അദ്ദേഹം പ്രശംസിച്ചു. സെപ ഉൾപ്പെടെയുള്ള കരാറുകൾ ഇന്ത്യൻ വ്യവസായികൾക്ക് ഇതു വലിയ നോട്ടമായെന്നും അദ്ദേഹം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.