ദുബൈ: യു.എ.ഇയിലെ പൊതു മേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാളിനോട് അനുബന്ധിച്ച് നാലു ദിവസം അവധി ലഭിക്കും. അറഫ ദിനമായ ജൂൺ അഞ്ച് വ്യാഴം മുതൽ ഞായർ വരെയാണ് അവധി. ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൺ റിസോഴ്സസ് ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പെരുന്നാൾ അവധിദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് വീണ്ടും പ്രവൃത്തിദിനം ആരംഭിക്കുക. സ്വകാര്യ മേഖലക്കും സമാനമായ അവധിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് മന്ത്രാലയത്തിന്‍റെ അറിയിപ്പ് പുറത്തുവന്നിട്ടില്ല.
മറ്റു ഗൾഫ് രാജ്യങ്ങൾകൊപ്പം യു.എ.ഇയിലും ചൊവ്വാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജൂൺ ആറിനാണ് ബലിപെരുന്നാൾ വരുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ അധികൃതരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പെരുന്നാൾ ആഘോഷത്തിനായി നടക്കുന്നത്. വിവിധയിടങ്ങളിൽ പെരുന്നാൾ ആശംസകൾ അറിയിച്ചുള്ള അലങ്കാരങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പെരുന്നാൾ നമസ്കാരത്തിന് പള്ളികളും ഈദ് ഗാഹുകളും വരുദിവസങ്ങളിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കും. ബലി അറുക്കാൻ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.