അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി

അബൂദബി: രോഗപ്രതിരോധത്തിനും മുന്‍കരുതലോടെയുള്ള ആരോഗ്യ പരിചരണത്തിനും മുന്‍ഗണന നല്‍കുന്ന മികച്ച പരിതസ്ഥിതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എ.ഡി.പി.എച്ച്.സി) പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി. 2019ല്‍ സ്ഥാപിതമായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. നിര്‍മിത ബുദ്ധി, ഡാറ്റ, സൂക്ഷ്മ വിശകലനം എന്നിവയുടെ സഹായത്തോടെ ആരോഗ്യ അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുക, രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ഇടപെടല്‍ നടത്തുക, വ്യക്തിഗത പ്രതിരോധ സുരക്ഷ നല്‍കുക എന്നിവയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെയുള്ള രോഗനിര്‍ണയവും പ്രതിരോധവും, ആരോഗ്യ ബോധവൽകരണമുള്ള സമൂഹത്തെ സൃഷ്ടിക്കല്‍, സംവിധാനങ്ങളുടെ സജ്ജീകരണം ഉറപ്പാക്കല്‍ എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മൂന്ന് തന്ത്രപ്രധാന മുന്‍ഗണനകളിലാണ് ഐഡന്റിറ്റിയുടെ ശ്രദ്ധ. രോഗപ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവ ഉള്‍ക്കൊള്ളുന്ന 40ലധികം ആരോഗ്യ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്.

രോഗസാധ്യതകള്‍ നേരത്തെ കണ്ടെത്താനുള്ള 'ഇഫ്ഹാസ്', പാരമ്പര്യ രോഗങ്ങള്‍ തടയാനുള്ള വിവാഹപൂര്‍വ ജനിതക പരിശോധനാ പ്രോഗ്രാം, അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാനുള്ള പേഴ്‌സനല്‍ വെയ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം, പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്ന 'സെഹി' പ്രോഗ്രാം എന്നിവ കേന്ദ്രത്തിന്റെ പ്രധാന സംരംഭങ്ങളില്‍ ചിലതാണ്. കൂടാതെ, 100ലധികം ആരോഗ്യ കേന്ദ്രങ്ങളുമായും ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യൂനിഫൈഡ് മെഡിക്കല്‍ ഓപറേഷന്‍സ് കമാന്‍ഡ് സെന്റര്‍ വഴി അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ കാര്യക്ഷമമായി നേരിടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പുതിയ ഐഡന്റിറ്റി അബൂദബിയുടെ പൊതുജനാരോഗ്യ മേഖലയിലെ പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്ന് എ.ഡി.പി.എച്ച്.സി. ഡയറക്ടര്‍ ജനറല്‍ ഡോ. റാശിദ് അല്‍ സുവൈദി പറഞ്ഞു. 

Tags:    
News Summary - അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.