ഇന്ത്യന്‍ പ്രവാസികള്‍ക്കായി റാസല്‍ഖൈമയില്‍ ശ്മശാന കേന്ദ്രം സ്ഥാപിക്കുന്നതിനായി അനുവദിച്ച ഭൂമിയുടെ ലാന്‍ഡ് മാപ്പ് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിക്ക് കൈമാറുന്നു. കോണ്‍സല്‍ പബിത്രകുമാര്‍ മജുംദാര്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം
റാസല്‍ഖൈമ: ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാന്‍ ഭൂമി അനുവദിച്ച യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിക്കും ഭരണകൂടത്തിനും ഇന്ത്യന്‍ സമൂഹത്തിന്‍റെ പേരില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ നന്ദി രേഖപ്പെടുത്തി. തിങ്കളാഴ്ച ശൈഖ് സഊദിനെ സന്ദര്‍ശിച്ച ശേഷം റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ശ്മശാന കേന്ദ്രം സ്ഥാപിക്കുന്നതിനായി അല്‍ ജസീറ അല്‍ ഹംറയില്‍ റാസല്‍ഖൈമ സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഔദ്യോഗികമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്‍റെ നിര്‍മാണം, ഭരണനിര്‍വഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിക്കായിരിക്കും. പദ്ധതി നിര്‍വഹണത്തിന്‍റെ തുടക്കമെന്ന നിലയില്‍ റാസല്‍ഖൈമ മുനിസിപ്പാലിറ്റി നല്‍കിയ ലാന്‍ഡ് മാപ്പ് കോര്‍ കമ്മിറ്റിക്ക് കോണ്‍സല്‍ ജനറല്‍ കൈമാറിയതായും ഐ.ആര്‍.സി പത്രകുറിപ്പില്‍ അറിയിച്ചു.
യു.എ.ഇയിലെ സേവനകാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സതീഷ് കുമാര്‍ ശിവനെ ചടങ്ങില്‍ ഐ.ആര്‍.സി കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. ഐ.ആര്‍.സി പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീന്‍, അഡ്മിനിസ്ട്രേറ്റര്‍ സി. പത്മരാജ് എന്നിവര്‍ കോണ്‍സല്‍ ജനറലിനെ സ്വീകരിച്ചു. രാജീവ് രഞ്ജന്‍ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വര്‍മ, ശ്രീധരന്‍ പ്രസാദ്, അനില്‍ വിദ്യാധരന്‍, നാസര്‍ അല്‍ദാന തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍സല്‍ പബിത്രകുമാര്‍ മജുംദാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റാസല്‍ഖൈമയില്‍ ഇലക്ട്രിക് ക്രിമേറ്റോറിയം ഇല്ലാത്തതിനാല്‍, യു.എ.ഇയില്‍ തന്നെ ദഹനകര്‍മം നടത്താന്‍ ആഗ്രഹിക്കുന്ന പല ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളും ഇതുവരെ ഷാര്‍ജയിലെ ക്രിമേറ്റോറിയത്തെയാണ് ആശ്രയിച്ചിരുന്നത്. റാസല്‍ഖൈമയില്‍ സ്ഥാപിക്കപ്പെടുന്ന പുതിയ ക്രിമേറ്റോറിയം യു.എ.ഇയില്‍ തന്നെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും പൂര്‍ത്തിയാക്കാന്‍ സഹായകമാകും. അല്‍ ഫുലയ കേന്ദ്രീകരിച്ച് റാസല്‍ഖൈമയില്‍ നിലവില്‍ പൊതുശ്മശാനം പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.