സായിദ് നാഷനല്‍ മ്യൂസിയം സംഘടിപ്പിച്ച സാംസ്‌കാരിക സംവാദ പരമ്പരയിൽനിന്ന്​

യു.എ.ഇയുടെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക്

അബൂദബി: യു.എ.ഇയുടെ സസമ്പന്നമായ ചരിത്രവും സാംസ്‌കാരിക പൈതൃകവും രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സായിദ് നാഷനല്‍ മ്യൂസിയം സംഘടിപ്പിച്ച സാംസ്‌കാരിക സംവാദ പരമ്പരക്ക്​ സമാപനം. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൂട്ടായ്മകളുമായും സഹകരിച്ച് നടത്തിയ സംവാദ പരമ്പരയില്‍ രാജ്യത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും കോര്‍ത്തിണക്കുന്ന ഗവേഷണങ്ങളും ചരിത്ര വസ്തുക്കളും ചര്‍ച്ചയായി. ഭിന്നശേഷിക്കാര്‍ക്കായി ആംഗ്യഭാഷാ പരിഭാഷയും സംവാദങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. മ്യൂസിയം ശേഖരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല പൈതൃകമെന്നും അത് ജനങ്ങളുടെ അനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും സായിദ് നാഷനല്‍ മ്യൂസിയം ലേണിങ്​ ആന്‍ഡ് പബ്ലിക് എന്‍ഗേജ്മെന്റ് ഡയറക്ടര്‍ നസ്ര അല്‍ ബുഐനൈന്‍ പറഞ്ഞു.

ദുബൈ അല്‍ ഷിന്ദഗ മ്യൂസിയത്തില്‍ നടന്ന ആദ്യ സെഷനില്‍ കടല്‍യാത്രകളുടെയും നാവിക പാരമ്പര്യങ്ങളുടെയും ചരിത്രകാരന്‍ ജുമ ഖലീഫ ബിന്‍ ഥാലിഥ് പങ്കെടുത്തു. ദുബൈ അല്‍ സര്‍ക്കല്‍ അവന്യൂവില്‍ നടന്ന രണ്ടാം സെഷനില്‍ അറേബ്യന്‍ ഉപദ്വീപിലെ ആചാരങ്ങളും വ്യാപാര ബന്ധങ്ങളും ചര്‍ച്ചയായി.

അജ്മാനിലെ മജ്​ലിസ് അമീന്‍ അല്‍ ശുറഫയില്‍ നടന്ന ചടങ്ങില്‍ അജ്മാനില്‍നിന്ന് കണ്ടെടുത്ത മുത്തുകളുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും പുരാതന ഗള്‍ഫ് വ്യാപാര ശൃംഖലകളെക്കുറിച്ചും ലൈലാ സആദ് അല്‍ സുവൈദി, അലി അബ്ദുറഹ്‌മാന്‍ അല്‍ മഖ്ബാലി, അമ്മാര്‍ അല്‍ ബന്ന എന്നിവര്‍ വിശദീകരിച്ചു. അല്‍ ഐന്‍ മ്യൂസിയവുമായി സഹകരിച്ച് രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തലമുറകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം ഡോ. ഖൗല അല്‍ മർറിയും റാശിദ് അല്‍ സുവൈദിയും പങ്കുവച്ചു. റാസല്‍ഖൈമ കള്‍ച്ചറല്‍ ഡെവലപ്മെന്റ് സെന്ററില്‍ മലയോര പാരമ്പര്യങ്ങളെയും വാമൊഴി ചരിത്രത്തെയും കുറിച്ച് ഫാത്തിമ അല്‍ മുഗ്‌നി, ഫാത്തിമ അല്‍ ഹമ്മാദി എന്നിവര്‍ ചര്‍ച്ച നയിച്ചു.

ഫുജൈറയിലെ അല്‍ റുമൈല കൊട്ടാരത്തില്‍ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ സാന്നിധ്യത്തില്‍ നടന്ന സെഷനില്‍ ഹെസ്സ അല്‍ ഫലാസിയും ഡോ. പീറ്റര്‍ മഗീയും പങ്കെടുത്തു. സഞ്ചരിക്കുന്ന പ്രദര്‍ശനങ്ങള്‍, ഗവേഷണങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള ജനങ്ങളിലേക്ക് ചരിത്ര വിജ്ഞാനം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സായിദ് നാഷനല്‍ മ്യൂസിയം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - യു.എ.ഇയുടെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.