ദുബൈ: സോഷ്യൽ മീഡിയയിലോ ഓൺലൈനിലോ ഒരു സ്ഥാപനത്തെക്കുറിച്ച് മോശം അഭിപ്രായം (നെഗറ്റീവ് റിവ്യൂ) പങ്കുവെക്കുമ്പോൾ അത് നിയമലംഘനമാകുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കുകയാണ് യു.എ.ഇയിലെ നിയമവിദഗ്ദ്ധർ. ഉൽപന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള വസ്‌തുതാപരമായ വിമർശനവും, വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അധിക്ഷേപങ്ങളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. വിമർശനം സ്ഥാപനത്തിന്റെ സേവനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്നും വ്യക്തിപരമായ അധിക്ഷേപമായി മാറിയാൽ അത് കുറ്റകൃത്യമായി മാറുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
ഈയിടെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിനെക്കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് അബൂദബി കോടതി 81,000 ദിർഹം പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. റെസ്റ്റോറന്റിന്റെ സേവനത്തെ വിമർശിക്കുന്നതിന് പകരം ഉടമയെ വ്യക്തിപരമായി അധിക്ഷേപിച്ചതിനാണ് കോടതി നടപടിയെടുത്തത്. ക്രിമിനൽ പിഴയായി 30,000 ദിർഹവും ഫോൺ കണ്ടുകെട്ടലും വീഡിയോ നീക്കം ചെയ്യലുമടക്കം കേസിൽ പരാതിക്കാരന് താത്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാനും വിധിച്ചു.
യു.എ.ഇ നിയമപ്രകാരം വ്യാജവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും വ്യക്തിത്വത്തെയോ അന്തസ്സിനെയോ ചോദ്യം ചെയ്യുന്നതും കടുത്ത കുറ്റകൃത്യമാണ്. സൈബർ ക്രൈം നിയമപ്രകാരം ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപകീർത്തിപ്പെടുത്തലുകൾക്ക് 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും, രണ്ട് വർഷം വരെ തടവും നേരിടേണ്ടി വരാം. പ്രവാസികളായ കുറ്റവാളികൾക്ക് നാടുകടത്തൽ നടപടിയും നേരിടേണ്ടി വന്നേക്കാം.
അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമാണെങ്കിലും മറ്റൊരാളുടെ പ്രശസ്തിയെയും അന്തസ്സിനെയും ബാധിക്കാത്ത രീതിയിലായിരിക്കണമെന്ന് അഭിഭാഷകർ ഓർമിപ്പിക്കുന്നു. ഭക്ഷണത്തിന്റെ രുചി, വില, താമസം തുടങ്ങിയ അനുഭവങ്ങൾ പങ്കുവെക്കാമെങ്കിലും, തെളിവുകളില്ലാതെ സ്ഥാപനം ‘തട്ടിപ്പാണ്’ എന്നോ ഉടമ ‘വഞ്ചകനാണ്’ എന്നോ ആരോപിക്കുന്നത് നിയമനടപടികൾ ക്ഷണിച്ചുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.