അബൂദബി: അഡ്‌നോകിന്റെ വിതരണ ശ്യംഖലയിലെ മുഴുവന്‍ പരസ്യ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ പുതിയ റീട്ടയില്‍ മീഡിയ നെറ്റ് വര്‍ക്ക് വരുന്നു. തങ്ങളുടെ ഫിസിക്കല്‍, ഡിജിറ്റല്‍ സംവിധാനങ്ങളുടെ പരസ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ‘എന്‍ഗേജ് ബൈ അഡ്‌നോക്’ എന്ന പേരിലാണ് റീട്ടെയില്‍ മീഡിയ നെറ്റ് വര്‍ക്കിന് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ തുടക്കം കുറിച്ചത്. കമ്പനിയുടെ സര്‍വീസ് സ്റ്റേഷനുകള്‍, ഡിജിറ്റല്‍ ചാനലുകള്‍, റോയല്‍റ്റി പ്രോഗ്രാമുകള്‍ എന്നിവ വഴി വിവിധ ബ്രാന്‍ഡുകളെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുകയാണ് ലക്ഷ്യം.
അഡ്‌നോക് റിവാര്‍ഡ്‌സ് ആപ്പ് ഉപയോഗിക്കുന്നത് മുതല്‍ സര്‍വീസ് സ്റ്റേഷനുകള്‍, വാഹനം കഴുകല്‍, ഒയാസിസ് സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ മുഖേന ബ്രാന്‍ഡുകള്‍ക്ക് പരസ്യങ്ങള്‍ യാത്രക്കാരിലേക്ക് എത്തിക്കാം. അഡ്‌നോക്കിന്റെ പ്രാദേശിക വിതരണ ശൃംഖല, ഡിജിറ്റല്‍ ചാനലുകള്‍, റോയല്‍റ്റി സിസ്റ്റം എന്നിവയെ ഒറ്റ കമേഴ്‌സ്യല്‍ പ്ലാറ്റ്ഫോമായി എന്‍ഗേജ് ഒന്നിപ്പിക്കും.
യു.എ.ഇയിലെ ആകെ സ്റ്റേഷനുകളുടെ 60 ശതമാനത്തിലധികം വരുന്ന 570 സര്‍വീസ് സ്റ്റേഷനുകളാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നത്. പ്രതിദിനം ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. പ്രതിവര്‍ഷം 25 കോടിയിലധികം ഇടപാടുകള്‍ നടത്തുന്ന കമ്പനിക്ക് 27 ലക്ഷം അഡ്‌നോക് റിവാര്‍ഡ്‌സ് അംഗങ്ങളുമുണ്ട്.
വലിയ ഉപഭോക്തൃ ശൃംഖലയുള്ളതിനാല്‍ ബ്രാന്‍ഡുകള്‍ക്ക് അവരിലേക്ക് വേഗത്തില്‍ എത്താന്‍ ഇത് സഹായിക്കും. നിലവിലുള്ള സംവിധാനങ്ങളില്‍ നിന്ന് കൂടുതല്‍ മൂല്യം കണ്ടെത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പബ്ലിസിസ്, പിക്‌സിസ്, ലൈവ്റാംപ്, നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്നീ പ്രമുഖ സാങ്കേതിക, വാണിജ്യ സ്ഥാപനങ്ങളുമായി അഡ്‌നോക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.