ദുബൈയിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്‌ഡി
തിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചപ്പോൾ
ദുബൈ: ദുബൈയിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്‌ഡി തിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചു. ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം നോർക്ക ആസ്ഥാനത്ത് എത്തിയത്.
നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആസിഫ് കെ. യൂസഫ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് (തിരുവനന്തപുരം) മേജർ ശശാങ്ക് ത്രിപാഠി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യു.എ.ഇയിലെ പ്രവാസികളുടെ ക്ഷേമത്തിനായി നോർക്ക റൂട്ട്സും ദുബൈ ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് നടപ്പാക്കാവുന്ന കർമ്മപദ്ധതികളും വിവിധ മേഖലകളിലെ പരസ്പര സഹകരണവും ചർച്ചയിൽ വിഷയമായി.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുക, ഗുരുതരാവസ്ഥയിലുള്ള രോഗികളെ നാട്ടിലെത്തിക്കാൻ സഹായം നൽകുക, കേരളീയ പ്രവാസികളുടെ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്ക് ആരംഭിക്കുക തുടങ്ങിയ വ യോഗം വിലയിരുത്തി. തടവിൽ കഴിയുന്നവർക്ക് നിയമ, ആരോഗ്യ, വൈദ്യസഹായങ്ങൾ ലഭ്യമാക്കാനും യു.എ.ഇ ഭരണകൂടവുമായി ആശയവിനിമയം നടത്താനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും ചർച്ചയായി.
തടങ്കൽ, അടിയന്തര വൈദ്യസഹായം, ശമ്പള കുടിശ്ശിക, വീസ കാലാവധി കഴിയാറായ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ച് നോർക്ക റൂട്ട്സും ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.