ഇന്ത്യ-പാക്​ ഏഷ്യാകപ്പ് മൽസരത്തിന്‍റെ വ്യാജ ടിക്കറ്റ് ഓൺലൈനിൽ

ദുബൈ: അടുത്തമാസം യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ടിക്കറ്റെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലി(എ.സി.സി)ന്റെ മുന്നറിയിപ്പ്. ക്രിക്കറ്റ്​ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ വ്യാജ ടിക്കറ്റാണ്​ ഓൺലൈനിൽ വിൽപനക്ക്​ വെച്ചിരിക്കുന്നത്​. വ്യാജ ടിക്കറ്റ്​ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ടൂർണമെന്റിലേക്കുള്ള ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നിലവിൽ വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വിറ്റഴിക്കുന്ന ടിക്കറ്റുകൾ വ്യാജനും തട്ടിപ്പുമാണെന്നും അധികൃതർ വ്യക്​തമാക്കുകയായിരുന്നു.

ഇത്തരം വ്യാജടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി നിർദേശിച്ചു. ഔദ്യോഗിക ടിക്കറ്റ് വിൽപന ഉടൻ എ.സി.സിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​.സെപ്​റ്റംബർ 14നാണ്​ ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുന്ന മൽസരം ദുബൈയിൽ അരങ്ങേറുന്നത്​. എട്ട്​ ടീമുകൾ മാറ്റുരക്കുന്ന മൽസരങ്ങളിൽ ഒന്നിലേറെ തവണ ഇന്ത്യയും പാിക്സ്താനും ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്​. സെപ്​റ്റംബർ 10ന്​ യു.എ.ഇയുമായാണ്​ ഇന്ത്യയുടെ ആദ്യ മൽസരം.

യു.എ.ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ്​ ട്രോഫി മൽസരങ്ങൾക്ക്​ ശേഷം വലിയ കാത്തിരിപ്പില്ലാതെയാണ്​ വീണ്ടും ക്രിക്കറ്റ്​ മാമാങ്കത്തിന്​ ഇമാറാത്ത്​​ വേദിയാകുന്നത്​. ഇന്ത്യ കപ്പുയർത്തിയ ചാമ്പ്യൻസ്​ ട്രോഫി മൽസരങ്ങളുടെ ടിക്കറ്റുകൾ അതിവേഗത്തിലാണ്​ വിറ്റുപോയിരുന്നത്​. പ്രത്യേകിച്ച്​ ഇന്ത്യ-പാക്​ മൽസരങ്ങളുടെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകമാണ്​ വിറ്റുപോയത്​. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ്​ തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നത്​.


Tags:    
News Summary - Fake tickets for India-Pak Asia Cup match online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.