പ്രതീകാത്മക ചിത്രം
ദുബൈ: എമിറേറ്റിലെ മുൻനിര ടാക്സി സേവന ദാതാക്കളായ ദുബൈ ടാക്സി (ഡി.ടി.സി) പുതുതായി 600 ടാക്സി കാറുകൾ കൂടി വാങ്ങുന്നു. ഇതിന്‍റെ മുന്നോടിയായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ ലേലത്തിൽ 600 പുതിയ നമ്പർ പ്ലേറ്റുകൾ ദുബൈ ടാക്സി സ്വന്തമാക്കി. ജൂലൈ മുതൽ പുതിയ വാഹനങ്ങൾ ഘട്ടം ഘട്ടമായി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ കാറുകൾ എത്തുന്നതോടെ കമ്പനിയുടെ മൊത്തം വാഹനങ്ങളുടെ എണ്ണം 6217ൽ നിന്ന് 6817 ആയി ഉയരും. കൂടാതെ ദുബൈയിലെ ടാക്സി സേവന രംഗത്ത് കമ്പനിയുടെ വിപണി മൂല്യം 47 ശതമാനമായി വർധിക്കുകയും ചെയ്യും. ദുബൈയിലെ ടാക്സി സേവന രംഗത്ത് വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഉയർന്ന പ്രവർത്തന ക്ഷമതയും സേവന നിലവാരവും നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ദുബൈ ടാക്സിയെ സംബന്ധിച്ച് 600 പുതിയ വാഹനങ്ങൾ കൂടി നിരത്തിലെത്തുകയെന്നത് സുപ്രധാനമായ ഒരു നീക്കമാണെന്നും ദുബൈയുടെ ഗതാഗത മേഖലയിൽ തുടരുന്ന വളർച്ചയിൽ കമ്പനിയുടെ ആത്മവിശ്വാസമാണ് പ്രതിഫലിക്കുന്നതെന്നും ഗ്രൂപ്പ് സി.ഇ.ഒ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. എമിറേറ്റിന്‍റെ നഗര വികസനത്തിനൊപ്പം ഗതാഗത സേവനങ്ങളുടെ ആവശ്യകതയും ഉയരുന്ന സാഹചര്യത്തിൽ ദുബൈ ടാക്സിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിശ്വസനീയവും ഉയർന്ന ഗുണനിലവാരവുമുള്ളതുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിലൂടെ ദുബൈയുടെ വികസനത്തെ പിന്തുണക്കാനുള്ള നടപടികൾ തുടരും. പുതിയ വാഹനങ്ങൾ വാങ്ങുന്നതിലൂടെ എമിറേറ്റിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള കമ്പനിയുടെ കരുത്ത് വർധിക്കും. കൂടാതെ ഓഹരി പങ്കാളികൾക്ക് ദീർഘകാല മൂല്യം നൽകാനും കഴിയും. അതോടൊപ്പം ലോക നിലവാരത്തിലുള്ള ഗതാഗത അന്തരീക്ഷം കെട്ടിപ്പടുക്കുകയെന്ന ദുബൈയുടെ അഭിലാഷങ്ങൾക്ക് സംഭാവനയേകാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്തികളുടെ ഉപയോഗം പരമാവധി വർധിപ്പിക്കാനും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും സേവന ഗുണനിലവാരം വർധിപ്പിക്കാനും ദുബൈയിലെ ഏറ്റവും വലിയ ടാക്സി സേവന ദാതാക്കളെന്ന പദവി ശക്തിപ്പെടുത്താനുമുള്ള തന്ത്രങ്ങളാണ് പുതിയ വാഹന വിപുലീകരണ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.