ദുബൈ: കഴിഞ്ഞ വർഷം ദുബൈ ടാക്സി നേടിയത് 54 ശതമാനം ലാഭവർധന. 34.53 കോടി ദിർഹമാണ് 2023ൽ കമ്പനി നേടിയ അറ്റ ലാഭം. വരുമാനത്തിൽ 11 ശതമാനം വർധന നേടാനായതാണ് അറ്റ ലാഭം വർധിക്കാൻ കമ്പനിക്ക് തുണയായത്. സർവിസ് നടത്തുന്ന വാഹനങ്ങുടെ എണ്ണം 7,300 ആയി ഉയർത്താനായതാണ് ലാഭം കുതിച്ചുയരാൻ കാരണം. ദുബൈ ഫിനാഷ്യ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനി പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ)യും നടത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ ഡിവിഡന്‍റായി 7.1 കോടി ദിർഹം ഓഹരി ഉടമകൾക്ക് നൽകാനും ഡി.ടി.സി ബോർഡ് അനുമതി നൽകിയിരുന്നു. ഓഹരി ഒന്നിന് 2.84 ഫിൽസ് വെച്ച് ഈ വർഷം ഏപ്രിലിൽ വിതരണം ചെയ്യാനാണ് തീരുമാനം. വാഹനങ്ങളുടെ എണ്ണം കൂട്ടി ദുബൈ കൂടാതെ മറ്റ് എമിറേറ്റുകളിലേക്കും സർവിസ് വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ഡി.ടി.സി ചീഫ് ഓപറേറ്റിങ് ഓഫിസർ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും ലോക നിലവാരമുള്ള ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിലും മുഖ്യ പങ്കാണ് ഡി.ടി.സി വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ൽ 4.6 കോടി ട്രിപ്പുകളാണ് ഡി.ടി.സി നടത്തിയത്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.ടി.സിയെ സംബന്ധിച്ച് ഈ വർഷവും സുപ്രധാനമായ വളർച്ച നേടുമെന്നാണ് പ്രതീക്ഷ. കാരണം ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വളരുന്ന ദുബൈയിൽ അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.