ദുബൈ: ആഗോള ധനകാര്യ കേന്ദ്രങ്ങളുടെ നിരയിൽ ചരിത്ര നേട്ടം കൈവരിച്ച് ദുബൈ. ഗ്ലോബൽ ഫിനാൻഷ്യൽ സെന്റേഴ്സ് ഇൻഡക്സ് പട്ടികയിൽ ആദ്യമായി ദുബൈ 7ാം സ്ഥാനത്തെത്തി.
പട്ടികയിൽ ഇതുവരെ ദുബൈ നേടിയ ഉയർന്ന റാങ്കാണിത്. ഇതോടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ(എം.ഇ.എ.എസ്.എ) മേഖലയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്കുള്ള നഗരമായി ദുബൈ മാറി. ലോകത്തിലെ മുൻനിര 20 ധനകാര്യ കേന്ദ്രങ്ങളിൽ ഈ മേഖലയിൽ നിന്ന് ഇടം നേടിയ ഏക നഗരം കൂടിയാണിത്. ഇതോടെ ലണ്ടൻ, ന്യൂയോർക് സിറ്റി, സിംഗപ്പൂർ പോലുള്ള ആഗോള സാമ്പത്തിക കേന്ദ്രങ്ങളോടൊപ്പം ദുബൈയും ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.
ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെൻററി(ഡി.ഐ.എഫ്.സി)ന്റെ വലിയ വളർച്ചയാണ് നേട്ടത്തിന് സഹായകരമായത്. നിലവിൽ 9,000ത്തിലധികം കമ്പനികളും 50,000ത്തിലേറെ ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ഫിൻടെക് സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആഗോള കമ്പനികൾ ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. ഫിൻടെക്, ട്രേഡിങ്, റെഗുലേറ്ററി മേഖലകൾ എന്നിവയിൽ ദുബൈ ആഗോള തലത്തിലെ ഏറ്റവും മികച്ച 5 കേന്ദ്രങ്ങളിലും ഫിനാൻസ്, ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ്, ഇൻഷുറൻസ് എന്നിവയിൽ ഏറ്റവും മികച്ച 10 എണ്ണത്തിലും ബാങ്കിങ് രംഗത്ത് 14ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.
ദുബൈ എക്കണോമിക് അജണ്ട ഡി33 പദ്ധതിയുടെ ഭാഗമായി 2033 ഓടെ ലോകത്തിലെ മുൻനിര 4 ധനകാര്യ കേന്ദ്രങ്ങളിൽ ഇടം നേടുകയാണ് ദുബൈയുടെ ലക്ഷ്യം. ഭരണനേതൃത്വത്തിന്റെ ദീർഘദർശനവും നവീകരണത്തിന് പ്രാധാന്യം നൽകുന്ന നയങ്ങളും ദുബൈയെ ഭാവിയിൽ കൂടുതൽ ശക്തമായ ആഗോള ധനകാര്യ കേന്ദ്രമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.