ദുബൈ: കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോഡിട്ട് ദുബൈ വിമാനത്താവളം. 2025ൽ 9.52 കോടി യാത്രക്കാരെ സ്വീകരിച്ച വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമാണ് കടന്നുപോയത്. മുൻ വർഷത്തേക്കാൾ 3.1 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. വർഷം മുഴുവൻ സ്ഥിരമായ ഉയർന്ന പ്രകടനമാണ് വിമാനത്താവളം കാഴ്ചവെച്ചതെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ മാസം മാത്രം 87 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തിട്ടുണ്ട്.
വർഷത്തിലെ ഏറ്റവും തിരക്കേറിയ മാസമാണിത്. നാലാം പാദത്തിൽ ആകെ 2.51 കോടി പേർ യാത്ര ചെയ്തു. ഇത് 2024ലെ അതേ കാലയളവിനേക്കാൾ 5.9 ശതമാനം കൂടുതലാണ്. നാലാം പാദത്തിൽ 1.18 ലക്ഷം വിമാന സർവിസുകളാണ് നടന്നത്. വർഷം മൊത്തം 454,800 വിമാന സർവിസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ൽ 8.67കോടി ലഗേജുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 4.95 ശതമാനം വർധനയാണ്. 89 ശതമാനം ബാഗേജും വിമാനം എത്തി 45 മിനിറ്റിനുള്ളിൽ യാത്രക്കാരിൽ എത്തിച്ചു. തെറ്റായ ബാഗേജ് കൈകാര്യ നിരക്ക് 1,000 യാത്രക്കാരിൽ 2.47 ബാഗുകൾ മാത്രമായി ചുരുങ്ങിയിട്ടുണ്ട്.
യാത്രക്കാരുടെ പരിശോധനാ സമയവും കാര്യക്ഷമമായി നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഡിപ്പാർചർ പാസ്പോർട്ട് കൺട്രോളിൽ 99.35 ശതമാനം പേർ 10 മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. അറൈവൽ പാസ്പോർട്ട് പരിശോധനയിൽ 98.8 ശതമാനം പേർ 15 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി. സുരക്ഷാ പരിശോധന 98.9 ശതമാനം യാത്രക്കാരും അഞ്ചു മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയതായും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. ദുബൈയിലെത്തുന്ന യാത്രക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ് (1.19 കോടി). രണ്ടാമത് സൗദി അറേബ്യ (75ലക്ഷം), മൂന്നാമത് യു.കെ (63ലക്ഷം), പാകിസ്താൻ(43 ലക്ഷം), യു.എസ് (33ലക്ഷം) എന്നിങ്ങനെയാണുള്ളത്. ലണ്ടനിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാർ (39ലക്ഷം) യാത്ര ചെയ്തത്.
റിയാദ് (30ലക്ഷം), മുംബൈ, ജിദ്ദ(24 ലക്ഷം), ന്യൂഡൽഹി (22ലക്ഷം) എന്നിവയാണ് പിന്നാലെയുള്ളത്. 110 രാജ്യങ്ങളിലെ 291 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 108 അന്താരാഷ്ട്ര എയർലൈൻസുകളാണ് ദുബൈ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.