ദുബൈ: ദുബൈ ഫ്രെയിമിൽ അരങ്ങേറിയ മാർവൽ സൂപ്പർഹീറോ സ്പൈഡർമാന്റെ അതിസാഹസിക പ്രകടനവും വർണാഭമായ ഡ്രോൺ ഷോയും പ്രവാസികൾക്ക് നവ്യാനുഭവമായി. ഇന്റർനാഷനൽ സ്പൈഡർമാൻ ദിനാഘോഷങ്ങളുടെയും ‘സ്പൈഡർമാൻ ബ്രാൻഡ് ഔട്ട് ഡേ’ പുതിയ ചിത്രത്തിന്റെ യു.എ.ഇ തിയേറ്റർ റിലീസിനോടനുബന്ധിച്ചും വോക്സ് സിനിമാസ് ആണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
സൗജന്യ പ്രദർശനം കാണാൻ കുടുംബങ്ങളടക്കം വൻ ജനക്കൂട്ടമാണ് ശനിയാഴ്ച രാത്രി സബീൽ പാർക്ക് പരിസരത്തേക്കും കറാമ തെരുവിലേക്കും ഒഴുകിയെത്തിയത്. 150 മീറ്റർ ഉയരമുള്ള ദുബൈ ഫ്രെയിമിലേക്ക് സ്പൈഡർമാന്റെ വേഷം ധരിച്ചെത്തിയ സ്റ്റണ്ട് ആർട്ടിസ്റ്റ് സാഹസികമായി വലിഞ്ഞുകയറുന്ന ലൈവ് പ്രകടനം കാണികളിൽ ആവേശം സൃഷ്ടിച്ചു.
ഫ്രെയിമിന് മുകളിൽ സ്പൈഡർമാൻ എത്തിയതിന് പിന്നാലെ ആകാശം ഡിജിറ്റൽ ദൃശ്യവിസ്മയമായി മാറി. അഭ്യാസ പ്രകടനത്തിന് ശേഷം ആകാശത്ത് നടന്ന വർണാഭമായ ഡ്രോൺ ഷോ കാണികളെ വിസ്മയിപ്പിക്കുന്നതായിരുന്നു. നൂറുകണക്കിന് ഡ്രോണുകൾ ചേർന്ന് സ്പൈഡർമാന്റെ മുഖംമൂടി, ചിലന്തിവല, ചിഹ്നം എന്നിവ ആകാശത്ത് സൃഷ്ടിച്ചു. സ്പൈഡർമാൻ ആകാശത്തുകൂടെ പറന്നുയരുന്നതും ശത്രുവായ 'ഗ്രീൻ ഗോബ്ലിനുമായി' ഏറ്റുമുട്ടുന്നതും സ്പൈഡർമാൻ വല വീശുന്ന രൂപങ്ങളും, കൂറ്റൻ ഹൾക്കിന്റെ രൂപങ്ങളും, സിനിമയുടെ ടൈറ്റിലും കാണികൾ ആർപ്പുവിളികളോടെയാണ് വരവേറ്റത്.
സബീൽ പാർക്കിന് ചുറ്റുമുള്ള റോഡുകളിലും സമീപ പ്രദേശങ്ങളായ കരാമ, അൽ കിഫാഫ് എന്നിവിടങ്ങളിലും വലിയ തോതിൽ ഗതാഗതക്കുരുക്കും ജനത്തിരക്കും അനുഭവപ്പെട്ടു. ദുബൈയുടെ ആകാശത്ത് മാർവൽ കഥാപാത്രങ്ങൾ തെളിഞ്ഞ അത്ഭുതക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും നഗരവാസികൾ തങ്ങളുടെ ഫോണുകളിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.