ബെനിനിലും ടോഗോയിലുമായി 2,720 പദ്ധതികൾ പൂർത്തിയാക്കി ഷാർജ ചാരിറ്റി

ഷാർജ: ആഫ്രിക്കൻ രാജ്യങ്ങളായ ബെനിനിലും ടോഗോയിലുമായി ഷാർജ ചാരിറ്റി ഇന്റർനാഷനൽ 3.11 കോടി ദിർഹം ചെലവിൽ 2,720 ജീവകാരുണ്യ-വികസന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. പതിനായിരക്കണക്കിന് ആളുകൾക്കാണ് ഈ പദ്ധതികളിലൂടെ സഹായം ലഭ്യമായത്.

ബെനിനിൽ മാത്രം 71.4 ലക്ഷം ദിർഹം ചെലവഴിച്ച് 281 പദ്ധതികളാണ് ചാരിറ്റി നടപ്പാക്കിയത്. ഇതിൽ 133 മസ്ജിദുകളുടെ നിർമാണം, 114 കിണറുകൾ, 15 ക്ലാസ് മുറികൾ, ഒരു സ്കൂൾ, ഒരു സർവീസ് കോംപ്ലക്സ്, വരുമാനദായകമായ വിവിധ സഹായ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. ടോഗോയിൽ 2.4 കോടി ദിർഹം മൂല്യമുള്ള 2,439 പദ്ധതികളാണ് എസ്‌.സി.ഐ പൂർത്തിയാക്കിയത്. 288 മസ്ജിദുകൾ, 1,660 കുടിവെള്ള കിണറുകൾ, 61 ക്ലാസ് മുറികൾ, 410 വരുമാനദായക പദ്ധതികൾ എന്നിവയ്‌ക്കൊപ്പം സൗരോർജ്ജ നിലയങ്ങളും ചാരിറ്റി ഷോപ്പുകളും നിർമിച്ചു നൽകി.

കൃത്യമായ ഫീൽഡ് സർവേകൾക്ക് ശേഷമാണ് പ്രദേശവാസികൾക്ക് ഏറ്റവും അവശ്യമായ പദ്ധതികൾ തെരഞ്ഞെടുക്കുന്നതെന്ന് ഷാർജ ചാരിറ്റി വ്യക്തമാക്കി. പദ്ധതികൾ പൂർത്തിയായ ശേഷവും അവയുടെ കാര്യക്ഷമതയും ദീർഘകാല നിലനിൽപ്പും ഉറപ്പാക്കാൻ നിരന്തര മേൽനോട്ടവുമുണ്ട്. ഷാർജ ചാരിറ്റിയുടെ ആഗോള ദൗത്യങ്ങൾ അതിന്റെ ഏറ്റവും അഭിമാനകരമായ നാഴികക്കല്ലുകളാണെന്ന് എസ്‌.സി.ഐ വൈസ് ചെയർമാൻ മുഹമ്മദ് റാശിദ് ബിൻ ബയാത്ത് പറഞ്ഞു. 

Tags:    
News Summary - Sharjah Charity completes 2,720 projects in Benin and Togo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.