അബൂദബി: കാര്‍ബണേറ്റ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ സങ്കീര്‍ണമായ ഭൂഭാഗങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 6428 അടി (ഒരു മൈലിലധികം) ആഴത്തില്‍ എണ്ണക്കിണറുകള്‍ കുഴിച്ച് പുതിയ പ്രവര്‍ത്തന നേട്ടവുമായി അബൂദബി നാഷനല്‍ ഓയില്‍ കമ്പനി. ആധുനിക സാങ്കേതികവിദ്യകളും വിഭവശേഷിയും സമഗ്രമായി സംയോജിപ്പിച്ചാണ് അഡ്‌നോക് ഉൽപാദനക്ഷമത വേഗത്തിലാക്കുന്ന ഈ റെക്കോര്‍ഡ് പ്രകടനം കൈവരിച്ചത്.
എന്‍ജിനീയര്‍മാരും സബ് സര്‍ഫസ് വിദഗ്ധരും 24 മണിക്കൂറും തത്സമയ ഡാറ്റയും നിര്‍മിത ബുദ്ധിയും അഡ്വാന്‍സ്ഡ് അനലിറ്റിക്‌സും പ്രയോജനപ്പെടുത്തി ഏകോപിപ്പിക്കുന്ന ‘റിയല്‍ ടൈം ഇന്റലിജന്‍സ് സെന്റര്‍’ (ആര്‍.ടി.ഐ.സി) ആണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്. ഓരോ എണ്ണക്കിണര്‍ നിര്‍മാണത്തില്‍ നിന്നും ലഭിക്കുന്ന ആയിരക്കണക്കിന് വിവരങ്ങളും പാഠങ്ങളും തൊട്ടടുത്ത ഡ്രില്ലിങിലേക്ക് അതിവേഗം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്.
അഡ്‌നോക് ഓണ്‍ഷോറിന്റെ ഭൂ പ്രദേശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അഡ്‌നോക് ഡ്രില്ലിങിന്റെ ആഗോളതലത്തിലുള്ള സാങ്കേതിക പ്രാവീണ്യവും ഒന്നിച്ചുചേര്‍ന്നതാണ് ഉൽപാദന ശേഷിയും മൂല്യവും വര്‍ധിപ്പിക്കാന്‍ സഹായിച്ചതെന്ന് അഡ്‌നോക് ഓണ്‍ഷോര്‍ സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഇബ്റി വ്യക്തമാക്കി. എ.ഐ സാങ്കേതികവിദ്യയും ദീര്‍ഘകാലത്തെ അനുഭവപരിചയവും ഒത്തുചേരുമ്പോള്‍ ബിസിനസ് രംഗത്ത് ഗുണപരമായ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.
സുരക്ഷിതവും കാര്യക്ഷമവുമായ ഡ്രില്ലിങിലൂടെ കൂടുതല്‍ മൂല്യം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടെന്നും അഡ്‌നോക് ഡ്രില്ലിങ് സി.ഇ.ഒ അബ്ദുല്ല അതീയ അല്‍ മസാബി പറഞ്ഞു. പരമാവധി സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തിയാണ് ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ആഗോള ഊര്‍ജ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റുന്നതിനൊപ്പം യു.എ.ഇയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചക്കും ഊര്‍ജ സുരക്ഷക്കും വ്യാവസായിക ലക്ഷ്യങ്ങള്‍ക്കും അടിത്തറയിടാന്‍ അഡ്‌നോകിന്റെ ഈ സാങ്കേതിക മുന്നേറ്റം വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.