പാചകം മുതൽ കൗൺസിലിങ് വരെ; വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികളെ അബൂദബി സജ്ജമാക്കുന്നതിങ്ങനെ

അബൂദബി: വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് അവസരം ലഭിച്ച വിദ്യാർഥികൾക്കായി അബൂദബി വിദ്യാഭ്യാസ സംസ്കാര വകുപ്പ് (എ.ഡി.ഇ.കെ) പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. പുസ്തക അറിവുകൾക്കപ്പുറം അന്യനാട്ടിൽ തനിയെ ജീവിക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രായോഗിക വെല്ലുവിളികൾ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു.

വിദേശത്ത് താമസിക്കുമ്പോൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളിലൊന്നായ ഭക്ഷണപ്രശ്നം പരിഹരിക്കാൻ വിദ്യാർഥികൾക്ക് പാചക പരിശീലന ക്ലാസുകൾ നൽകിയത് രക്ഷിതാക്കൾക്ക് കൗതുകമായി. സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ പഠിക്കുന്നത് നാടൻ ഭക്ഷണത്തോടുള്ള കൊതിയും വിദേശത്തെ ഭക്ഷണ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുമെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനൊപ്പം മക്കൾ പഠനത്തിനായി വീടുവിട്ട് പോകുമ്പോൾ കുടുംബത്തിലുണ്ടാകുന്ന ശൂന്യതയെക്കുറിച്ചും രക്ഷിതാക്കൾ തങ്ങളുടെ വികാരങ്ങൾ പങ്കുവെച്ചു.

വിദേശത്തു കഴിയുമ്പോഴും സ്വന്തം കുടുംബ മഹിമയും രാജ്യത്തോടും മതത്തോടുമുള്ള സ്നേഹവും കാത്തുസൂക്ഷിക്കാൻ രക്ഷിതാക്കൾ കുട്ടികളെ ഉപദേശിച്ചു. യു.എ.ഇയിലെ ‘നാഷനൽ സർവീസ്’ നൽകിയ അച്ചടക്കവും സ്വയംപര്യാപ്തതയും അന്യനാട്ടിൽ ശരിയായ വഴികളിലൂടെ സഞ്ചരിക്കാൻ മക്കളെ സഹായിക്കുമെന്ന് രക്ഷിതാവായ ഡോ. അൽ സൈഖാൽ പ്രത്യാശ പ്രകടിപ്പിച്ചു.

മറ്റ് സംസ്കാരങ്ങൾക്കിടയിൽ ജീവിക്കുമ്പോഴും സ്വന്തം ദേശീയതയും മതമൂല്യങ്ങളും ചോർന്നുപോകാതെ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഔഖാഫ് ആൻഡ് സകാത്ത് അതോറിറ്റി പ്രതിനിധികൾ സംസാരിച്ചു. വിദ്യാർഥികൾക്ക് വിദേശത്തിരുന്ന് ഉണ്ടാകുന്ന സംശയങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ ‘ഫത്വ കൗൺസിലു’മായി നേരിട്ട് ബന്ധപ്പെടാൻ സഹായിക്കുന്ന സൗജന്യ ഹെൽപ് ലൈൻ സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

പഠനകാലത്ത് കുട്ടികൾക്ക് മാനസിക പിന്തുണയും മാർഗനിർദേശവും നൽകാൻ ഭരണകൂടം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി. പഠനം പൂർത്തിയാക്കിയ ശേഷമുള്ള തൊഴിൽ പരിശീലനം, ഇന്റർവ്യൂ തയാറെടുപ്പുകൾ, യു.എ.ഇ പ്രസിഡന്റിനെ നേരിട്ട് കാണാനുള്ള അവസരം എന്നിവ വരെ അതോറിറ്റി ഉറപ്പുനൽകുന്നുണ്ട്. വിദേശത്ത് പോകുന്ന കുട്ടികളുടെ സുരക്ഷയിലും ഭാവിയിലും പൂർണ ആത്മവിശ്വാസം നൽകിയാണ് പരിശീലന പരിപാടി സമാപിച്ചത്.

Tags:    
News Summary - Cooking, Counseling, Study Abroad, Students, Abu Dhabi,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.