തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘ഫരീജ് ഫ്രിഡ്ജ്’

ദുബൈ: കടുത്ത വേനൽച്ചൂടിലും നഗരത്തിന്റെ വികസനത്തിനായി അധ്വാനിക്കുന്ന തൊഴിലാളികൾക്ക് കരുതലും സ്നേഹവും പകരാൻ ‘ഫരീജ് ഫ്രിഡ്ജ്’ പദ്ധതി വീണ്ടും സജീവമാകുന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ) ഫർജാൻ ദുബൈയും സംയുക്തമായാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്. വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി, വിവിധ തൊഴിൽ കേന്ദ്രങ്ങളിലെത്തി തണുത്ത കുടിവെള്ളം, ജ്യൂസുകൾ, ഐസ്‌ക്രീം എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഈ വർഷത്തെ വിതരണ പര്യടനം ആഗസ്റ്റ് മൂന്നിന് ദുബൈ ഹാർബറിൽ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആഗസ്റ്റ് നാലിന് അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ട്, അഞ്ചിന് പാം ജുമൈറ (ക്രസന്റ് റോഡ്), ആറിന് ബിസിനസ് ബേ (അൽ നഖീൽ റോഡ്) എന്നിവിടങ്ങളിൽ ‘ഫരീജ് ഫ്രിഡ്ജ്’ വാഹനം എത്തിച്ചേരും. നിർമാണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ട് സന്ദർശിച്ചാണ് തണുത്ത പാനീയങ്ങളും ഐസ്‌ക്രീമും വിതരണം ചെയ്യുന്നത്.

തൊഴിലാളികളുടെ അധ്വാനത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന മാനുഷിക സന്ദേശമാണ് ഈ സംരംഭമെന്ന് ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കരുതലോടെ ചേർത്തുപിടിക്കുക എന്ന യു.എ.ഇ നേതൃത്വത്തിന്റെ ദർശനമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എ.ഇ സർക്കാർ നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമത്തിന്റെ തുടർച്ചയായി കൂടിയാണ് ഈ പദ്ധതി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 3.00 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതിതീവ്ര ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം എന്നിവ ഒഴിവാക്കുന്നതിനുമാണ് ഈ മുൻകരുതൽ.

നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ ജോലിസ്ഥലങ്ങളിൽ നിരന്തരം പരിശോധനകൾ നടത്തിവരുന്നുണ്ട്. തണലുള്ള വിശ്രമസ്ഥലം, കുടിവെള്ളം, മറ്റ് സുരക്ഷാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. 

Tags:    
News Summary - Workers, 'Freej Fridge' to provide relief,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.