ദുബൈ: ഈ വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ ദുബൈയിലെ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിച്ചത് 34.8 കോടിയോളം ആളുകളാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വെളിപ്പെടുത്തി. ദിവസേന ശരാശരി 19 ലക്ഷം ആളുകളാണ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. തടസ്സമില്ലാത്ത ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ദുബൈ കൈവരിച്ച മുന്നേറ്റമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
2026ന്റെ ആദ്യപകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 39.2 ശതമാനം വിഹിതവുമായി ദുബൈ മെട്രോയാണ് ഇത്തവണയും മുന്നിൽ. തൊട്ടുപിന്നാലെ 25.5 ശതമാനം പങ്കുമായി ടാക്സികളും 24.4 ശതമാനം പേർക്ക് യാത്ര സൗകര്യമൊരുക്കി പൊതു ബസുകളുമുണ്ട്. മെട്രോ ലൈനുകളിൽ റെഡ്, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന ബുർജുമാൻ, യൂനിയൻ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഇതിനുപുറമേ ട്രാം, വാട്ടർ ട്രാൻസ്പോർട്ട്, ആപ്പ് അധിഷ്ഠിത വാഹനങ്ങൾ, ലിമോസിൻ സർവീസുകൾ എന്നിവയും മികച്ച വളർച്ച രേഖപ്പെടുത്തി.
പൊതുഗതാഗത മേഖലയിൽ വൻകിട വികസന പദ്ധതികളാണ് നിലവിൽ പുരോഗമിക്കുന്നത്. 30 കിലോമീറ്റർ ദൈർഘ്യമുള്ള ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണത്തിലാണ്. കൂടാതെ 34 ശതകോടി ദിർഹം ചെലവിൽ 42 കിലോമീറ്റർ നീളമുള്ള ദുബൈ മെട്രോ ഗോൾഡ് ലൈൻ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ദുബൈയിലെ പൂർണമായും ഭൂമിക്കടിയിലൂടെയുള്ള ആദ്യ മെട്രോ പാതയായിരിക്കും ഗോൾഡ് ലൈൻ.
ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറക്കുന്നതിനായി ‘യൂറോ 6’ മാനദണ്ഡങ്ങൾ പാലിക്കുന്ന 637 പുതിയ ബസുകൾ സർവീസിനിറക്കാൻ ആർ.ടി.എ തുടക്കമിട്ടിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്ന 40 പുതിയ ഇലക്ട്രിക് ബസുകൾ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് പദ്ധതിയാണ്. 2050ഓടെ പൊതു ബസുകൾ പൂർണമായും ഇലക്ട്രിക്, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറ്റാനാണ് ദുബൈ ലക്ഷ്യമിടുന്നത്. ഡ്രൈവർരഹിത ടാക്സികൾക്ക് പുറമേ ഈ വർഷാവസാനത്തോടെ എയർ ടാക്സികളുടെ വാണിജ്യ സർവീസും ആരംഭിക്കും.
2006ൽ ആകെ യാത്രകളുടെ ആറുശതമാനം മാത്രമായിരുന്ന പൊതുഗതാഗത വിഹിതം 2025ൽ 22.3 ശതമാനം ആയി ഉയർത്താൻ ആർ.ടി.എക്ക് സാധിച്ചു. ‘ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനി’ന്റെയും ദുബൈ ഇക്കണോമിക് അജണ്ട ‘ഡി33’ന്റെയും ഭാഗമായി 2030ഓടെ ഈ വിഹിതം 25 ശതമാനം ആയി ഉയർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാൻ മാറ്റർ അൽ തായർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.