അബൂദബി: എമിറേറ്റില്‍ മരുഭൂമികളിലെ പാരിസ്ഥിതിക വ്യവസ്ഥ പുനസ്ഥാപിക്കാനും മരുഭൂവല്‍ക്കരണത്തെ ചെറുക്കാനുമായി വിപ്ലവകരമായ പദ്ധതിയുമായി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി). നിര്‍മിത ബുദ്ധി, ഡ്രോണുകള്‍, വിമാനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ആകാശമാര്‍ഗം ഒരു കോടി പ്രാദേശിക സസ്യങ്ങളുടെ വിത്തുകള്‍ വിതറുന്ന ബൃഹത്തായ പദ്ധതിക്കാണ് ഏജന്‍സി തുടക്കമിട്ടിരിക്കുന്നത്. പ്രകൃതിദത്ത വാസസ്ഥലങ്ങള്‍ വീണ്ടെടുക്കല്‍, ജൈവവൈവിധ്യം വര്‍ധിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
മേഖലയിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികളിലൊന്നാണിതെന്ന് അബൂദബി എന്‍വയോണ്‍മെന്റ് ഏജന്‍സി പ്ലാന്റ് ജനറ്റിക് റിസോഴ്സസ് സെന്റര്‍ സ്‌പെഷലിസ്റ്റ് ഹസ്സന്‍ അലി അല്‍ അഹ്ബാബി വ്യക്തമാക്കി. ഗാഫ്, സമര്‍, അര്‍ത, ശുവാ, റഗാല്‍, തമാം തുടങ്ങിയ യു.എ.ഇയിലെ വരണ്ട കാലാവസ്ഥ അതിജീവിക്കാന്‍ ശേഷിയുള്ള പ്രാദേശിക സസ്യങ്ങളുടെ വിത്തുകളാണ് പദ്ധതിക്കായി തെരഞ്ഞൈടുത്തിട്ടുള്ളത്. ഇവ കുറഞ്ഞ വെള്ളത്തില്‍ അതിജീവിക്കുന്നതും മണ്ണൊലിപ്പ് തടയുന്നതുമാണ്.
അല്‍ ശുഐബ്, സ്വൈഹാന്‍, നാഹില്‍, അല്‍ ഹയര്‍, അല്‍ റൗദ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ വിത്തുവിതരണം നടക്കുക. കൂടാതെ അല്‍ ദഫ്റയിലെ അല്‍ ഗദ നാച്ചുറല്‍ റിസര്‍വ്, ഹൂബാര സംരക്ഷിത മേഖല എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
നിര്‍മിത ബുദ്ധി, സാറ്റലൈറ്റ് ഇമേജറി, റിമോട്ട് സെന്‍സിങ്, ജിയോസ്‌പേഷല്‍ ഡേറ്റ എന്നിവ ഉപയോഗിച്ചാണ് വിത്ത് വിതറേണ്ട ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ ഏജന്‍സി കണ്ടെത്തുന്നത്. എന്‍.ഡി.വി.ഐ, എസ്.എ.വി.ഐ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മണ്ണിന്റെ ഈര്‍പ്പം, ഉപ്പുവെള്ളത്തിന്റെ അളവ്, ചരിവ്, മഴ ലഭ്യത, കാലിമേയ്ക്കല്‍ സാധ്യത എന്നിവ കണക്കാക്കിയാണ് സ്ഥലനിര്‍ണയം.
ശേഖരിക്കുന്ന വിത്തുകള്‍ ശുദ്ധീകരിച്ച്, മുളക്കുന്നതിന്റെ ശേഷി ലാബുകളില്‍ പരിശോധിച്ച ശേഷമാണ് വിതക്കാന്‍ ഉപയോഗിക്കുന്നത്. പക്ഷികളില്‍നിന്നും പ്രതികൂല കാലാവസ്ഥയില്‍ നിന്നും സംരക്ഷിക്കാന്‍ സ്വാഭാവിക മിശ്രിതങ്ങള്‍ കൊണ്ടുണ്ടാക്കിയ പ്രത്യേക ഗുളിക രൂപത്തിലുള്ള കവറുകളിലാക്കിയാണ് ഡ്രോണുകളിലും വിമാനങ്ങളിലും ഇവ നിറക്കുന്നത്. വിത്ത് വിതച്ചതിനുശേഷം രണ്ടു വര്‍ഷത്തോളം ഡ്രോണുകളും റിമോട്ട് സെന്‍സിങ്ങും വഴി വളര്‍ച്ചാ നിരക്ക് നിരന്തരം നിരീക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.