അപൂർവ ജൈവവൈവിധ്യവുമായി ഹത്ത; പരിസ്ഥിതി സംരക്ഷണത്തിൽ ദുബൈക്ക് വൻ മുന്നേറ്റം

ദുബൈ: കടൽതീരങ്ങൾ, മരുഭൂമികൾ, പർവതങ്ങൾ എന്നിവയുൾപ്പെടുന്ന ദുബൈയിലെ പ്രകൃതി സംരക്ഷണ ശൃംഖലയിൽ ഏറെ ശ്രദ്ധേയമായി ഹത്ത മൗണ്ടൻ കൺസർവേഷൻ റിസർവ്. സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ദുബൈ എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കേന്ദ്രം സംരക്ഷിക്കപ്പെടുന്നത്. ദുർഘടമായ മലനിരകളും ശുദ്ധജല അരുവികളും ഒത്തുചേരുന്ന അപൂർവ പാരിസ്ഥിതിക സവിശേഷതയാണ് ഹത്തക്കുള്ളത്.

ദുബൈയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ 21.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 201-ൽ റാംസർ കൺവെൻഷന്റെ കീഴിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള തടാക പ്രദേശമായി ഇതിനെ തെരഞ്ഞെടുത്തിരുന്നു. ജെബൽ അലി, റാസ് അൽ ഖോർ വൈൽഡ്‌ലൈഫ് സാങ്ച്വറി എന്നിവക്ക് ശേഷം ഈ അന്താരാഷ്ട്ര പദവി ലഭിക്കുന്ന ദുബൈയിലെ മൂന്നാമത്തെ കേന്ദ്രമാണിത്.

യു.എ.ഇയിലുള്ള ആകെ സസ്യവർഗങ്ങളുടെ 19 ശതമാനവും സസ്തനികളുടെ 44 ശതമാനവും ഹത്തയിലെ പർവത മേഖലയിലാണ് ഉള്ളത്. 128 ഇനം പക്ഷികൾ, 133 ഇനം സസ്യങ്ങൾ, 27 ഇനം സസ്തനികൾ, 20 ഇനം ഇഴജന്തുക്കൾ, 79 ശതമാനം ഇനം തുമ്പികൾ തുടങ്ങി വലിയൊരു ജൈവവൈവിധ്യ ശൃംഖലയെത്തന്നെ ഈ റിസർവ് നിലനിർത്തുന്നു. സന്ദർശകർക്ക് പ്രകൃതിയെ തൊട്ടറിഞ്ഞ് പാരിസ്ഥിതിക അവബോധം വളർത്താനും ഈ കേന്ദ്രം അവസരമൊരുക്കുന്നുണ്ട്.

ഈ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന ആകർഷണവും ഔദ്യോഗിക ചിഹ്നവും ‘അറേബ്യൻ താർ’ എന്ന വരയാടുകളാണ്. ദുബൈ എമിറേറ്റിൽ അറേബ്യൻ താറുകൾ സ്വതന്ത്രമായി ജീവിക്കുന്ന ഏക പ്രകൃതിദത്ത ആവാസവ്യവസ്ഥ ഹത്തയാണ്. വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യൻ കഴുകൻ അടക്കം ആഗോളതലത്തിൽ അപൂർവമായ ജീവിവർഗങ്ങൾക്കും ഈ റിസർവ് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കുന്നു.

പർവത ആവാസവ്യവസ്ഥയും ശുദ്ധജല അരുവികളും സംരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ സമഗ്രമായ നടപടികളാണ് അതോറിറ്റി നടപ്പിലാക്കുന്നത്. പാരിസ്ഥിതിക ഇടനാഴികളായി അരുവികളെ പരിപാലിക്കുന്നതിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കാനും സാധിക്കുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ ഥാനി വ്യക്തമാക്കി.

Tags:    
News Summary - Biodiversity, Hatta, Environmental Protection, Dubai,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.