ദുബൈ: യു.എ.ഇയിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ തുടർച്ചയായി നാലുദിവസം വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചക്കുശേഷം പെയ്യുന്ന മഴ ചില ഉൾപ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാം. ഫുജൈറ മേഖലയിൽ ശൈഖ് ഖലീഫ സ്ട്രീറ്റ്, മസാഫി, ശറഫിയ്യ മേഖലയിലെ ശൗഖ എന്നിവയടക്കം പല ഭാഗങ്ങളിലും ഞായറാഴ്ച ഉച്ചക്കുശേഷം മഴ ലഭിച്ചു.
തിങ്കളാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നിരുന്നാലും ഉച്ചക്കുശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ തെക്ക്-കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ നിന്ന് മിതമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 40 കി.മീ വരെ ഉയർന്നേക്കാം. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
ചൊവ്വാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാനും അത് ഉൾപ്രദേശങ്ങളിലേക്ക് വ്യാപിക്കാനും മഴക്ക് കാരണമാകാനും സാധ്യതയുണ്ട്. ബുധനാഴ്ചയും സമാന കാലാവസ്ഥ തുടരും. ഉച്ചക്കുശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ പെയ്യും.
ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്ക്-കിഴക്കൻ, വടക്ക്-കിഴക്കൻ കാറ്റ് ശക്തമാകാനും തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കി.മീ വരെ എത്തിയേക്കാം. വ്യാഴാഴ്ചയും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും ഉച്ചക്കുശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.