ദുബൈ: വാടകച്ചെലവ് കുറക്കുന്നതിനായി ഷെയറിങ് താമസ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന പ്രവാസികൾക്ക് കർശന നിർദേശങ്ങളുമായി ദുബൈ ഭരണകൂടം. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകക്ക് നൽകുന്ന അനധികൃത സബ്‌ലെറ്റിങ്ങും, അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്പേസ് രീതികളും തടയുന്നതിനായി 2026 ദുബൈ ഗസറ്റ് വിജ്ഞാപനത്തിലെ നിയമ നമ്പർ 4 അടുത്ത മാസം ആദ്യത്തോടെ പൂർണതോതിൽ പ്രാബല്യത്തിൽ വരികയാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തുവന്നത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് നിയമം ഔദ്യോഗികമായി നടപ്പിലാകുന്നത്.
താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും. പ്രോപ്പർട്ടി ഉടമകൾ, ലൈസൻസുള്ള ഓപറേറ്റർമാർ, ഷെയറിങ് താമസത്തിനായി പ്രത്യേകം നിശ്ചയിച്ച യൂനിറ്റുകളിൽ താമസിക്കുന്നവർ എന്നീ മൂന്ന് വിഭാഗങ്ങൾക്കാണ് നിയമം പ്രധാനമായും ബാധകമാകുക.
പ്രോപ്പർട്ടി ഉടമയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ അപാർട്ട്മെന്റോ അതിലെ മുറികളോ മറ്റൊരാൾക്ക് മറിച്ചു നൽകാൻ വാടകക്കാരന് നിയമപരമായി അനുവാദമില്ല. വാടകക്കരാറിൽ മറിച്ചു വിൽക്കാനുള്ള അനുമതി വ്യക്തമായി നൽകിയിട്ടുണ്ടെങ്കിൽ മാത്രമാണ് ഇതിൽ ഇളവുള്ളത്. ഉടമയുടെ അനുമതിയില്ലാതെ മുറികൾ മറിച്ചുനൽകിയാൽ കരാർ ലംഘനമായി കണക്കാക്കി നിയമനടപടി നേരിടേണ്ടിവരും.
എന്നാൽ, കുടുംബാംഗങ്ങളോടൊപ്പമുള്ള താമസവും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത താമസക്കാരെ കൂടെ പാർപ്പിക്കുന്നതും നിയമവിധേയമാണ്. അതേസമയം, അനൗദ്യോഗികമായി കിടക്കകളോ മുറികളോ വാടകക്ക് നൽകുന്നതും ആവശ്യമായ അനുമതികളില്ലാതെ താൽക്കാലിക പാർട്ടീഷനുകൾ നിർമിക്കുന്നതും പരിധിയിൽ കവിഞ്ഞ് ആളുകളെ താമസിപ്പിക്കുന്നതും നിയമവിരുദ്ധമായ പരസ്യങ്ങൾ നൽകി ആളുകളെ ആകർഷിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഇത്തരം താമസസൗകര്യങ്ങൾ ഒരുക്കുന്നതിന് ദുബൈ ലാൻഡ് ഡിപാർട്മെന്റിന്റെയും മറ്റ് അധികാരികളുടെയും നിർദേശാനുസരണം ദുബൈ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണ്. അംഗീകൃത കെട്ടിട നിർമാണ മാനദണ്ഡങ്ങൾ, താമസക്കാരുടെ എണ്ണത്തിലുള്ള പരിധി, ആവശ്യമായ സ്ഥലം, ഷെയറിങ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന യൂനിറ്റുകൾക്ക് മാത്രമാണ് പെർമിറ്റ് ലഭിക്കുക. സാധാരണയായി ഒരു വർഷത്തേക്കാണ് പെർമിറ്റ് നൽകുന്നതെങ്കിലും ഉടമകൾക്ക് രണ്ട് വർഷത്തേക്കും അപേക്ഷിക്കാം. കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് പുതുക്കണം.
പ്രോപ്പർട്ടി ഉടമക്കോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ലൈസൻസുള്ള സ്ഥാപനങ്ങൾക്കോ മാത്രമാണ് ഷെയറിങ് താമസസ്ഥലങ്ങൾ വാടകക്ക് നൽകാൻ അനുമതിയുള്ളത്. നേരിട്ടുള്ള ലീസിങ്, മാനേജ്ഡ് ലീസിങ്, കമ്പനി വഴിയുള്ള സബ്‌ലെറ്റിങ് എന്നിങ്ങനെ മൂന്ന് രീതികളിലാണ് ഷെയറിങ് താമസ ക്രമീകരണങ്ങൾ സാധ്യമാകുന്നത്. ആരോഗ്യ ആവശ്യകതകൾ, ഫയർ സേഫ്റ്റി, ശുചിത്വം, സുരക്ഷ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ എന്നിവയിലെല്ലാം കർശനമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കപ്പെടണം.
പെർമിറ്റില്ലാതെ പ്രവർത്തിക്കുകയോ മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവർക്ക് 500 മുതൽ 500,000 ദിർഹം വരെ പിഴയും കർശന ശിക്ഷാ നടപടികളും നേരിടേണ്ടി വരും. ഇതിന് പുറമേ, ആറു മാസം വരെ പ്രവർത്തനം നിർത്തിവക്കുക, പെർമിറ്റ് റദ്ദാക്കുക, വാണിജ്യ ലൈസൻസ് റദ്ദാക്കുക, ലംഘനം പരിഹരിക്കുന്നതുവരെ പൊതു സേവനങ്ങൾ വിച്ഛേദിക്കുക, അല്ലെങ്കിൽ പെർമിറ്റ് ആവശ്യകതകൾ പാലിക്കാത്ത യൂനിറ്റുകൾ ഒഴിപ്പിക്കാൻ ഉത്തരവിടുക തുടങ്ങിയ കൂടുതൽ നടപടികളും ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ചേക്കാം.
നിയമപ്രകാരമുള്ള അവകാശങ്ങളും കടമകളും സംബന്ധിച്ച എല്ലാ തർക്കങ്ങളും കേൾക്കാനും പരിഹരിക്കാനും ദുബൈ വാടക തർക്ക കേന്ദ്രത്തിന് പ്രത്യേക അധികാരപരിധിയുണ്ട്. ഇത്തരം തർക്കങ്ങൾ കേന്ദ്രം അതിന്റെ സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.