ദുബൈ: ദുബൈയിലെ താമസക്കാർക്ക് തങ്ങളുടെ വീടുകളിലെ തോട്ട പരിപാലനത്തിനായി വിദഗ്ദ്ധരുടെയും ലൈസൻസുള്ളവരുടെയും സേവനം ഇനി കരീം ആപ്പ് വഴി ലഭ്യമാകും. ദുബൈ മുൻസിപ്പാലിറ്റി, ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ എന്നിവർ കരീം ആപ്പുമായി കൈകോർത്ത് നടപ്പാക്കുന്ന 'അൽ ഫരീജ് ഗാർഡനർ' എന്ന പുതിയ സംരംഭം സെപ്റ്റംബർ മുതൽ പ്രവർത്തനം ആരംഭിക്കും. വീട്ടുതോട്ട നിർമാണം, കൃത്യമായ പരിപാലനം, നനയ്ക്കൽ സംവിധാനങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണികളും, കാർഷിക ഉപദേശങ്ങൾ എന്നിവ ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും.
റെസിഡൻഷ്യൽ മേഖലകളിൽ വ്യാജവും അനധികൃതവുമായ സേവനങ്ങൾ തടയാനും സുരക്ഷ വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ദുബൈ പൊലീസ് സുരക്ഷാ ബോധവൽക്കരണവും പരിശോധനകളും ശക്തമാക്കും. തൊഴിലാളികളുടെ വിസ, പെർമിറ്റ് നിയമാവലികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ഉറപ്പുവരുത്തുമ്പോൾ, സുസ്ഥിരമായ തോട്ട പരിപാലന രീതികളെക്കുറിച്ച് ദുബൈ മുൻസിപ്പാലിറ്റി പരിശീലനവും നൽകും.
അംഗീകൃത കാർഷിക കമ്പനികൾക്കും തൊഴിലാളികൾക്കും മാത്രമായിരിക്കും കരീം ആപ്പിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടാവുക. ഗാർഡനിങ് സേവനങ്ങൾ ഒരു ഡിജിറ്റൽ കുടക്കീഴിൽ ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ വീട്ടുപടിക്കൽ ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.